പന്തളം: കുരമ്പാല- പൂഴിക്കാട് -വലക്കടവ്- മുട്ടാർ റോഡ് പുനർനിർമ്മാണം തുടങ്ങി. എം.സി റോഡിൽ കുരമ്പാല ആലുംമൂട്ടിൽ ജംഗ്ഷനിൽ ആരംഭിച്ച് തവളംകുളം, പൂഴിക്കാട് സ്‌കൂൾ ജംഗ്ഷൻ, വലക്കടവ്, മന്നം ആയൂർവേദ മെഡിക്കൽ കോളേജ് വഴി പന്തളം മാവേലിക്കര റോഡിൽ മുട്ടാർ ജംഗ്ഷനിൽ എത്തുന്നതാണ് റോഡ്. 5 കോടി രുപയാണ് നിർമ്മാണത്തിന് അനുവദിച്ചത് .
റോഡ് തകർന്നതുമൂലം നാട്ടുകാർ ബുദ്ധിമുട്ടുന്നതിനെക്കുറിച്ച് കേരളകൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നാല് കലുങ്കുകളും ഓടകളും പുനർനിർമ്മിക്കും.പല ഭാഗത്തും റോഡ് ഉയർത്തും.
ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് നിർമ്മാണം, 6 മാസത്തിനകം റോഡ് പുനർനിർമ്മിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്ന് പി.ഡബ്ല്യു.ഡി പന്തളം അസിസ്റ്റന്റ് എൻജിനീയർ വൈ. ഷാജഹാൻ പറഞ്ഞു.
പുനർനിർമ്മാണം കഴിഞ്ഞ് മൂന്ന് വർഷത്തിനകം റോഡിന് തകരാർ സംഭവിച്ചാൽ അറ്റകുറ്റപ്പണികൾ കരാറുകാരൻ സ്വന്തം ചെലവിൽ നിർവഹിക്കണം എന്നാണ് വ്യവസ്ഥ.
ഉദ്ഘാടനത്തിന് മുമ്പ് തകർന്ന റോഡ്
7 വർഷം മുമ്പ് ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്ന് 2 കോടി രുപ ചെലവിൽ പുനരുദ്ധാരണം നടത്തിയെങ്കിലും ഉദ്ഘാടനത്തിനു മുമ്പുതന്നെ റോഡിന്റെ പല ഭാഗങ്ങളും തകർന്നു.
നിർമ്മാണം നടത്തിയപ്പോൾ ഓടകൾ വേണ്ടിടത്ത് അവ നിർമ്മിച്ചില്ല. മഴ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ റോഡിന്റെ ഉപരിതലം ഉയർത്തിയതുമില്ല. നിലവിലുള്ള ഓടയും കലുങ്കുകളും നികത്തി റോഡ് നിർമ്മിച്ചതാണ് വേഗത്തിൽ തകരാൻ കാരണമായത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. വയറപ്പുഴ പാലം പണിതാൽ എം.സി റോഡിനു സമാന്തരമായി ബൈപാസ് ആയി മാറ്റാൻ കഴിയും .കുരമ്പാലയിൽ നിന്ന് ആരംഭിച്ച് പൂഴിക്കാട് വയറപ്പുഴ ഞെട്ടൂരിലൂടെ എം.സി റോഡിൽ മാന്തുകയിൽ എത്താൻ കഴിയും.അതോടെ പന്തളം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.
കുടശനാട് മേഖലയിലുള്ളവർക്ക് കുരമ്പാല ,അടൂർ ,തട്ട ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള എളുപ്പവഴിയാണ്.
റോഡ് തകർന്നുകിടക്കുന്നതിനാൻ കായംകുളം മേഖലകളിലേക്കും മറ്റും തവളംകുളം നിവാസികൾ എം.സി റോഡിലെത്തി എം എം ജംഗ്ഷൻ പൂഴിക്കാട് വഴി കിലോമീറ്ററുകൾ അധികം യാത്ര ചെയ്താണ് ഇപ്പോൾ പോകുന്നത് .