
കോന്നി : അദ്വൈതവേദാന്ത ദർശനത്തിലും ശ്രീനാരായണ ദർശനത്തിലും പണ്ഡിതനും എഴുത്തുകാരനും ആചാര്യനും തത്വചിന്തകനുമായിരുന്ന
ഗുരുനിത്യചൈതന്യയതിക്ക് ഇന്ന് 99-ാം ജന്മദിനം. 1923 നവംബർ 2 ന് വകയാറിൽ രാഘവപ്പണിക്കരുടെയും വാമാക്ഷിയമ്മയുടെയും മകനായി ജനിച്ച ജയചന്ദ്രനാണ് പിൽക്കാലത്ത് ഗുരു നിത്യചൈതന്യ യതിയായി മാറിയത്. ശ്രീനാരായണഗുരുദേവന്റെ ശിഷ്യൻ നടരാജഗുരുവിന്റെ ശിഷ്യനായിരുന്നു യതി, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഫിലോസഫിയിൽ മികച്ച മാർക്കോടെ എം.എ പാസായ അദ്ദേഹം കൊല്ലം എസ്.എൻ കോളേജ് , ചെന്നൈ വിവേകാനന്ദ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. രമണ മഹർഷിയിൽ നിന്നാണ് നിത്യചൈതന്യ എന്നപേരിൽ സന്യാസം സ്വീകരിച്ചത്. ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഒഫ് ബ്രഹ്മവിദ്യയുടെയും ഡൽഹിയിലെ സൈക്കോ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഊട്ടിയിലെ ഫേൺഹിൽ ആശ്രമത്തിന്റെയും അധിപനായിരുന്ന യതി യു.എസ്, ഓസ്ട്രിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. ഇംഗ്ലീഷിൽ 80 തും മലയാളത്തിൽ 120 ഉം കൃതികൾ രചിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങൾ ശിഷ്യന്മാരുണ്ട്. അദ്ദേഹത്തിന്റെ ജന്മനാടായ കോന്നിയിൽ സ്മാരകം നിർമ്മിക്കാൻ 2020 ൽ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. സാംസ്‌കാരിക വകുപ്പ് 50 കോടി രൂപ ചെലവിട്ടാണ് സ്മാരകം നിർമ്മിക്കാൻ തീരുമാനമെടുത്തത്. 1999ൽ യതി സമാധിയായി 21 വർഷങ്ങൾക്ക് ശേഷമായിരുന്നു ജന്മനാട്ടിൽ സ്മാരകം നിർമ്മിക്കാൻ സർക്കാർ തീരുമാനമെടുത്തത്. സ്മാരകത്തിനായി അരുവാപ്പുലം, പ്രമാടം, കലഞ്ഞൂർ പഞ്ചായത്തുകളിൽ പല തവണ സ്ഥല പരിശോധനകൾ നടത്തിയെങ്കിലും അനുയോജ്യമല്ലെന്നു കണ്ടെത്തുകയായിരുന്നു. കൂടൽ രാക്ഷസൻപാറയോട് ചേർന്ന റവന്യൂഭൂമി അനുയോജ്യമെന്ന് കണ്ടെത്തി. ചെറുപ്പകാലത്ത് യതി ധ്യാനത്തിനും പുസ്തകരചനകൾക്കും കണ്ടെത്തിയ സ്ഥലമായ രാക്ഷസൻ പാറയുടെ സമീപത്തു തന്നെ അദ്ദേഹത്തിന്റെ സ്മാരകം നിർമ്മിക്കാൻ സ്ഥലം കണ്ടെത്തിയത് നിയോഗമായി മാറുകയാണ്. പദ്ധതി നടപ്പായാൽ സ്മാരകം ജില്ലയിലെ പ്രധാന സാംസ്‌കാരിക കേന്ദ്രമായി മാറും.
കോന്നിയിൽ ജനിച്ചു വിശ്വപൗരനായി മാറിയ സന്യാസിയും എഴുത്തുകാരനുമായ ഗുരു നിത്യചൈതന്യയതിക്ക് ജന്മനാട്ടിൽ സ്മാരകം നിർമ്മിക്കാൻ രാക്ഷസൻ പാറയ്ക്ക് സമീപം സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
കെ.യു.ജനീഷ്‌കുമാർ എം.എൽ.എ