മല്ലപ്പള്ളി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം ഉപേക്ഷിച്ച നിലയിലായ കെ - റെയിൽ പദ്ധതി പൊടിതട്ടിയെടുത്ത് വീണ്ടും സാമൂഹ്യ ആഘാത പഠനം നടത്താൻ ഉത്തരവ് നൽകിയ സർക്കാർ നടപടിക്കെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രഖ്യാപിച്ച കിടപ്പാട സംരക്ഷണ വാരാചരണം തുടങ്ങി. നവംബർ 7വരെ നീണ്ടുനിൽക്കുന്ന വാരാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുന്നന്താനം നടയ്ക്കൽ ജംഗ്ഷനിൽ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി നിർവഹിച്ചു. വീണ്ടും സാമൂഹ്യ ആഘാത പഠനത്തിന് ഉത്തരവ് നൽകുക വഴി പഴയതുപോലെ സംസ്ഥാനത്തുടനീളം സംഘർഷം ക്ഷണിച്ചു വരുത്താനാണ് മുഖ്യമന്ത്രിയും സർക്കാരും ശ്രമിക്കുന്നതെന്നും പദ്ധതി ഉപേക്ഷിച്ചു എന്ന് പ്രഖ്യാപിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നും പുതുശ്ശേരി പറഞ്ഞു.സമിതി ജില്ലാ കൺവീനർ മുരുകേഷ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ കൺവീനർ ബാബു കുട്ടൻചിറ, റോസിലിൻ ഫിലിപ്പ്, അഖിൽ ഓമനക്കുട്ടൻ, വി. ജെ. റെജി, ടി. എസ്. എബ്രഹാം, ജോസഫ് വെള്ളിയാകുന്നത്ത്, റിജോ മാമൻ, സുരേഷ് സ്രാമ്പിക്കൽ, സി. എം. എബ്രഹാം, ജെയിംസ് കാക്കനാട്ടിൽ, രാധാ നായർ, ടി. എം. മാത്യു, രാധാമണി എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ പ്രാദേശിക യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്.