acci-car
അപകടത്തിൽപ്പെട്ടു പൂർണമായും തകർന്ന കാർ

ചെങ്ങന്നൂർ: എം.സി. റോഡിൽ കാരയ്ക്കാട്ട് ഷാപ്പുപടിക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ആറു പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട കാർ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ചു. യാത്രികനായ കാരയ്ക്കാട് സ്വദേശിക്കും പരിക്കേറ്റു. തൂത്തുക്കുടിയിൽ നിന്ന് ചങ്ങനാശേരിയിലേക്ക് ഉപ്പ് കയറ്റിപ്പോയ ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ചങ്ങനാശേരിയിൽ നിന്നു തിരുവനന്തപുരത്തേക്കു പോയ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. ഇവരെ ചങ്ങനാശേരിയിലെ ആശുപത്രിയിലെത്തിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും ലോറിയുടെ മുൻഭാഗവും തകർന്നു. ചങ്ങനാശേരി സ്വദേശികളുമായ ജോയൽ, റിച്ചു, ജിനോ, ജോൺ, ആലപ്പുഴ സ്വദേശി ജസ്റ്റിൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ജോയലാണ് കാർ ഓടിച്ചിരുന്നത്. തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് അഗ്‌നിരക്ഷാസേന യാത്രക്കാരെ പുറത്തെടുത്തത്. നാട്ടുകാരും പൊലീസും ചേർന്നു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു

ചെങ്ങന്നൂർ: എം.സി. റോഡിൽ മുളക്കുഴ പഞ്ചായത്ത് ജംഗ്ഷന് സമീപം ഹോട്ടലിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾ ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഏഴു ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആലപ്പുഴ നിന്ന് മരുന്നുകളുമായി എത്തിയ ഓട്ടോ ടാക്‌സിയാണ് അപകടമുണ്ടാക്കിയത്. വാഹനത്തിന്റെ സ്റ്റിയറിംഗ് തകരാറിലായതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ ദമ്പതികൾക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.