പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന്റെ വിഷൻ 2022-23 പദ്ധതി പ്രകാരം പ്ലസ് വൺ സയൻസിന് പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും മെഡിക്കൽ, എൻജിനീയറിംഗ് കോഴ്‌സുകൾക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നൽകുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയ 2022-23 വർഷം പ്ലസ് വൺ സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം നാലരലക്ഷം രൂപയിൽ കൂടാൻ പാടില്ല. പ്ലസ് വൺ, പ്ലസ്ടു പഠനത്തോടൊപ്പം പ്രമുഖ കോച്ചിംഗ് സെന്ററുകൾ വഴി (ജില്ലാ കളക്ടറും, ജില്ലാ പട്ടികജാതി വികസന ഓഫീസറും അടങ്ങുന്ന സമിതി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങൾ) രണ്ട് വർഷമാണ് എൻട്രൻസ് പരിശീലനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ കുട്ടിയുടെ ജാതി സർട്ടിഫിക്കറ്റ്, രക്ഷകർത്താവിന്റെ കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പലിൽ നിന്നും സ്ഥാപനത്തിലെ സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥിയാണെന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം 15ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ, ബ്ലോക്ക്, മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.