 
കോന്നി: വെട്ടൂർ - അട്ടച്ചാക്കൽ - കോന്നി റോഡിൽ വശങ്ങളിലെ ഇഞ്ചപ്പടപ്പുകൾ അപകട ഭീഷണി ഉയർത്തുന്നു. റോഡിലെ കോന്നി സഞ്ചായത്ത് കടവ് പാലത്തിന് ഇരുവശത്തുമാണ് റോഡിലേക്ക് ഇഞ്ചമുൾപ്പടർപ്പുകൾ റോഡിലേക്ക് ചാഞ്ഞുകിടക്കുന്നത്. പാലത്തിന്റെ മറുകര താഴ്ചയുള്ള റോഡാണ് പയ്യനാമണ്ണിലെ വിവിധ പാറമടകളിൽ നിന്നും പാറ ഉൽപന്നങ്ങളുമായി നിരവധി ടിപ്പർ ലോറികളാണ് ഇതു വഴി കടന്നു പോകുന്നത്.കൂടാതെ സർവീസ് ബസുകൾ അടക്കം നിരവധി വാഹനങ്ങളും കടന്നു പോകുന്നുണ്ട്. ഇതു വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയാത്ത വിധം പടർന്നു പന്തലിച്ചിരിക്കുകയാണ് ഇഞ്ചപ്പടപ്പുകൾ. ഇത് അപകടങ്ങൾക്ക് സാദ്ധ്യത ഏറെയാണ്. പാലത്തിന് സമീപം തന്നെയാണ് മുരിംങ്ങമംഗലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശബരിമല തീർത്ഥാടകർക്കായുള്ള ഇടത്താവളവും ഉണ്ട്. തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് റോഡു വശങ്ങളിലെ മുൾപടർപ്പുകളും, കാടുകളും വെട്ടി തെളിക്കാറുണ്ടെങ്കിലും ഇത്തവണ തയാറെടുപ്പുകൾ ഒന്നും ആരംഭിച്ചിട്ടില്ല. എത്രയും വേഗം അപകട ഭീഷണി ഉയർത്തുന്ന ഇഞ്ചമുൾപ്പടർപ്പുകളും, കാടും വെട്ടി തെളിക്കണമെന്ന് കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർ ആവശ്യപ്പെട്ടു.