1
എഴുമറ്റൂർ ഉണ്ണി ഹോട്ടൽ ജോലിക്കിടയിൽ

മല്ലപ്പള്ളി : നിറയെ കഥയും കവിതയും ഗാനങ്ങളും സമ്പന്നമാക്കിയ ജീവിതമാണെങ്കിലും ജീവിക്കാനായി ഹോട്ടൽ പണി ചെയ്യുകയാണ് കവി എഴുമറ്റൂർ ഉണ്ണി എന്നറിയപ്പെടുന്ന കെ.ആർ.ഉണ്ണികൃഷ്ണൻ നായർ (54). വിദ്യാർത്ഥിയായിരുന്ന കാലം മുതൽ കഥകളോടും കവിതകളോടും തോന്നിയ പ്രണയം ഉണ്ണിയെ ഇന്ന് 600ൽ പരം കവിതകളുടെ രചയിതാവാക്കി. മൂന്ന് കവിതാസമാഹാരങ്ങൾ, ഭക്തിഗാനങ്ങൾ, നിരവധി വസന്തഗീതങ്ങൾ ഇങ്ങനെ നീളുന്നു രചനകൾ. നേർക്കാഴ്ചകൾ എന്ന കവിതയ്ക്ക് ഗാനഗന്ധർവൻ യേശുദാസിന്റെ അനുമോദനം നേടാനായത് ഉണ്ണിക്ക് മറക്കാനാവാത്ത അനുഭവമാണ്. 2021ലെ അഖിലേന്ത്യാ ടീച്ചേഴ്സ് ഫെഡറേഷന്റെ സാഹിത്യ പുരസ്കാരവും നേടാനായി.

എന്നാൽ രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസവും മൂത്തമകളുടെ വിവാഹവും ഈ കലാകാരനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. എഴുമറ്റൂരിലെ കുടംബവസ്തുവായ കുരുവിക്കാട്ടിൽ തപോവനം എന്ന സ്വപ്നവീടും സ്ഥലവും വിറ്റ് പെരുമ്പെട്ടി ആടിയാനിലെ ചെറിയ വീട്ടിലേക്ക് താമസം മാറേണ്ടിവന്നു. ഉപജീവനത്തിനായി വൈകിട്ട് തട്ടുകട ആരംഭിച്ചെങ്കിലും അതും നിറുത്തേണ്ടിവന്നു. ആഘോഷ പരിപാടികളിൽ ഭക്തിഗാനസന്ധ്യയുമായി സജീവമായപ്പോൾ തട്ടുകടയ്ക്ക് പൂട്ട് ഇടേണ്ടിവന്നു. തുടർന്ന് എഴുമറ്റൂരിലെ ഹോട്ടലിൽ ജീവനക്കാരനായി, 10 വർഷം പിന്നിടുകയാണ്. വൈകിട്ട് 6ന് ശേഷം ആഘോഷ പരിപാടികളിലും എഴുമറ്റൂർ ഉണ്ണി തന്റെ കഴിവുകളുമായി എത്താറുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന ആ മുതൽ അം വരെ എന്ന സിനിമയിലെ ഗാനത്തിന്റെ രചയിതാവ് കൂടിയാണ് ഈ കലാകാരൻ. ഗാനരചനയ്ക്ക് സിനിമാ സംഘടനയായ ഇഫക്ടയുടെ പുരസ്കാരവും ലഭിക്കുകയുണ്ടായി. ഭാര്യ : ശകുന്തള സ്റ്റേഷനറി ഷോപ്പിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്നു. മക്കൾ: വിദ്യാ ഉണ്ണി, നവ്യാ ഉണ്ണി.