ചെങ്ങന്നൂർ: പമ്പാനദിയിലെ പാണ്ടനാട് നെട്ടായത്തിൽ 5ന് നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളോടനുബന്ധിച്ച് കഴിഞ്ഞ മാസം 23ന് ആരംഭിച്ച സർഗോത്സവം ചെങ്ങന്നൂർ പെരുമ ജനപങ്കാളിത്തംകൊണ്ട് ഉത്സവ ലഹരിയിലായി. നിയോജക മണ്ഡലത്തിലെ ചെങ്ങന്നൂർ നഗരസഭയിലും10 പഞ്ചായത്തുകളിലുമായി 38 വേദികളിൽ നടക്കുന്ന നഗരോത്സവത്തിന്റെ വിവിധ പരിപാടികളിലേക്ക് ജനം ഒഴുകിയെത്തി. 108 കലാരൂപങ്ങളും 15 സെമിനാറുകളും മൂന്ന് വിളംബര ഘോഷയാത്രകളുമാണ് പരിപാടിയുടെ ഭാഗമായി നടക്കുന്നത്. പ്രളയവും കൊവിഡും വിതച്ച ദുരിതകാലത്തിനുശേഷം ജനങ്ങൾക്കുവേണ്ടി പരിപാടി ആസൂത്രണം ചെയ്തത് സജി ചെറിയാൻ എം.എൽ.എയാണ്. പരിപാടിയുടെ ഭാഗമായി മണ്ഡലത്തിലെ കലാ, കായിക പ്രതിഭകളെ കണ്ടെത്തി പ്രോത്സഹിപ്പിക്കുകയും പഴമയുടെ പുതുമകൾ പുനരാവിഷ്‌ക്കരിക്കുകയും ചെയ്തത് പുതുതലമുറയ്ക്ക് നവ്യാനുഭവമായി. ഇതിന്റെ ഭാഗമായി ഓലമേഞ്ഞ മുണ്ടൻകാവിലെ സന്തോഷ് ടാക്കീസ് പുനർ സൃഷ്ടിച്ചു. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന പഴയകാല സിനിമകളുടെ പ്രദർശനം കാണാൻ ജില്ലയ്ക്ക് പുറത്തുനിന്നുപോലും ആളുകളെത്തി. നടി ശോഭനയും ആശാശരത്തും കലാതിലകം അമലു ശ്രീരംഗും ഉൾപ്പടെയുളള പ്രമുഖ നർത്തകികൾ വേദികളിൽവിസ്മയം തീർത്തു. പ്രഥമ ചെങ്ങന്നൂർ ആദി പുരസ്കാരം ഏറ്റുവാങ്ങിയ ദേശീയ അവർഡ് ജേതാവ് നഞ്ചിയമ്മ ആദിവാസി പാട്ടുകൾപാടി സദസിനെ കൈയിലെടുത്തു. നാടകവും ഗസലും കഥകളിയും ഗാനമേളയും ഫ്യൂഷനും അരങ്ങിൽ വിസ്മയം സൃഷ്ടിച്ചു. പ്രൊഫഷണൽ കലാകാരന്മാരെ കൂടാതെ നാടൻ പാട്ടും നാടൻ കലാരൂപങ്ങൾക്കും സർഗോത്സവത്തിൽ തുല്യ പ്രാധാന്യം നൽകി. കളരിയുൾപ്പെടെയുളള ആയോധന അഭ്യാസികളും വേദികൾ കീഴടക്കി. അനുഷ്ടാന കലകളായ മലപ്പുലയാട്ടവും ഇരുള നിറുത്തവും പടയണിയും തെയ്യവും തിറയുമെല്ലാം അരങ്ങിൽ നിറഞ്ഞാടി. മാത്രമല്ല ചെങ്ങന്നൂരിന്റെ സമഗ്രവികസനത്തിന് ഉതകുന്ന സാദ്ധ്യതകളെ കണ്ടെത്തുവാനുളള പദ്ധതികളും സർഗോത്സവ വേദികളിൽ ചർച്ചയായി. നാടൊരുക്കിയ നിശബ്ദസേവകരെയും സർഗോത്സവത്തിൽ ആദരിച്ചു.
പരിപാടികളുടെ സമാപനം കുറിച്ച് 5ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ വള്ളം കളി ഫ്‌ളാഗ് ഓഫ് ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി പങ്കെടുക്കും. മന്ത്രി എം.ബി രാജേഷ് സമ്മാനദാനം നിർവഹിക്കും.മന്ത്രി വീണാ ജോർജ്ജ് സുവനീർ പ്രകാശനം ചെയ്യും. ഘോഷയാത്ര പുരസ്‌കാരം പ്രതി പക്ഷ നേതാവ് വി.ഡി സതീശനും നിർവഹിക്കും. കക്ഷി രാഷ്ട്രീയത്തിനതീതമായി ഒരു നാട്ടിലെ മുഴുവൻ ജനതയേയും പങ്കാളികളാക്കിക്കൊണ്ടാണ് സർഗോത്സവം മുന്നേറുന്നത്.