കോന്നി : രണ്ട് വർഷങ്ങൾക്ക് മുൻപ് നിറുത്തലാക്കിയ തണ്ണിത്തോട് പഞ്ചായത്ത് പ്രദേശത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പത്തനംതിട്ടയിൽ നിന്നും തണ്ണിത്തോട്, തേക്കുതോട്,കരിമാൻതോട് പ്രദേശത്തേക്ക് മുൻപ് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിലച്ചിട്ട് രണ്ട് വർഷം പിന്നിട്ടിരിക്കുന്നു. 2020 മാർച്ചിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിലാണ് സർവീസുകൾ നിറുത്തലാക്കിയത്.കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ജനജീവിതം സാധാരണ നിലയിലായി മറ്റു പ്രദേശങ്ങളിലെ കെ.എസ്.ആർ.ടി.സി ബസുകൾ ആരംഭിച്ചിട്ടും കരിമാൻതോട്ടിലേക്ക് രാവിലെ വന്നു പോകുന്ന തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ് ഒഴികെയുള്ള സർവീസുകൾ മുടങ്ങി കിടക്കുകയാണ്. ഇതുമൂലം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിനങ്ങളിൽ യാത്ര ചെയ്യേണ്ടി വരുന്നവർ വലിയ യാത്രാക്ലേശം അനുഭവിക്കേണ്ടി വരുന്നുണ്ട്.

വരുമാനം ഏറെയുള്ള സർവീസ്

ജില്ലയിലെ ഏറ്റവും ലാഭകരമായ സർവീസുകളിൽ ഒന്നായിരുന്ന കരിമാൻതോട് തൃശൂർ ഫാസ്റ്റ് പാസഞ്ചർ ബസ് കോട്ടയം മെഡിക്കൽ കോളേജ്,അമൃത ആശുപത്രി എന്നിവടങ്ങളിൽ ചികിത്സ തേടുന്ന രോഗികൾക്ക് ഉൾപ്പെടെ ഏറെ പ്രയോജനകരമായിരുന്നു. തണ്ണിത്തോട് പഞ്ചായത്തിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ വെട്ടൂർ, അട്ടച്ചാക്കൽ,പയ്യനാമൺ,അതുമ്പുംകുളം തുടങ്ങിയ പ്രദേശങ്ങളിലെയും ജനങ്ങളുടെ ആശ്രയമായിരുന്നു.

പരിഹാരം ആവശ്യപ്പെട്ട് ധർണ നടത്തും

ഈ വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടാകണമെന്നും ബസ് സർവീസുകൾ പുനരാരംഭിക്കണം എന്നും ആവശ്യപ്പെട്ട് സി.പി.ഐ തണ്ണിത്തോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡി.ടി.ഒ ഓഫീസിന് മുൻപിൽ 5ന് കൂട്ടധർണ നടക്കും. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും.

.............

2 വർഷം മുമ്പ് നിറുത്തലാക്കിയ സർവീസ്