പത്തനംതിട്ട: പേ വിഷബാധയുള്ള നായയുടെ കടിയേറ്റ റാന്നി പെരുനാട് മനപ്പുഴ ഷീലാഭവനിൽ അഭിരാമി (12) സമയത്ത് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ പെരുനാട് ഹെൽത്ത് സെന്ററിലെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെയും ഡോക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കും ആരോഗ്യ വകുപ്പ് അധികൃതർക്കും പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. അഭിരാമിയെ മരണത്തിലേക്ക് തള്ളിവിട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് മതിയായ സാമ്പത്തിക സഹായം നൽകണമെന്നും റാന്നി യൂണിയൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ആരോഗ്യവകുപ്പ് അധികൃതരോ ജില്ലാ കളക്ടറോ അഭിരാമിയുടെ വീട് സന്ദർശിക്കാൻ തയ്യാറായില്ല.

റവന്യു, വനംവകുപ്പ് അധികൃതർ സഹായങ്ങൾ ചെയ്തിരുന്നു. ഒാഗസ്റ്റ് 13ന് രാവിലെ പാൽ വാങ്ങാനായി വീടിന് സമീപത്തെ റോഡിലൂ‌ടെ നടന്നുപോയപ്പോഴാണ് അഭിരാമിയെ നായ ആക്രമിച്ചത്. നിലത്തുവീണ അഭിരാമിയുടെ മുഖത്തും കണ്ണിലും കഴുത്തിലും കടിയേറ്റു. കുട്ടിയെ മാതാപിതാക്കൾ പെരുനാട് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ചികിത്സിക്കാൻ ആരുമുണ്ടായിരുന്നില്ല. വിവരം അറിഞ്ഞെത്തിയ പെരുനാട് പൊലീസ് ഏർപ്പെടുത്തിയ വാഹനത്തിൽ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രയിലെത്തിച്ചു. പരിക്കിന്റെ കാഠിന്യം മനസിലാക്കി ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയില്ല. മൂന്ന് മണിക്കൂർ കഴിഞ്ഞാണ് ചികിത്സ തുടങ്ങിയത്. നിസഹായരായി വിഷമിച്ചു നിന്ന മാതാപിതാക്കളോട് മുറിവ് കഴുകാനുള്ള സോപ്പ് പുറത്തുനിന്ന് വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞയച്ചു. തുടർന്ന് മുറിവ് മാതാപിതാക്കളെക്കൊണ്ട് കഴുകിപ്പിച്ചു. പേ വിഷബാധയുള്ള നായയാണ് കടിച്ചതെന്ന് സംശയിക്കുന്നതായി ഡ്യൂട്ടി ഡോക്ടറോട് പറഞ്ഞെങ്കിലും ഗൗരവത്തിലെടുത്തില്ല. അഭിരാമിയെ കൂടുതൽ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പത്തനംതിട്ടയിൽ എല്ലാ സംവിധാനങ്ങളും ഉണ്ടെന്ന് മാതാപിതാക്കളോട‌് പറഞ്ഞു. ആദ്യ വാക്സിൻ നൽകിയ ശേഷം വീട്ടിലേക്ക് പറഞ്ഞുവിട്ടു. പെരുനാട് ഹെൽത്ത് സെന്ററിൽ തുടർന്നുള്ള വാക്സിൻ എടുക്കാൻ നിർദേശിച്ചു. സെപ്തംബർ രണ്ടിന് കുട്ടിയുടെ ആരോഗ്യനില വഷളായി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സെപ്തംബർ അഞ്ചിന് അഭിരാമി മരിച്ചു. നായയുടെ കടിയേറ്റ ദിവസം പെരുനാട് ഹെൽത്ത് സെന്ററിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമുണ്ടായ ഡോക്ടർമാരുടെ അനാസ്ഥയാണ് അഭിരാമിയുടെ മരണത്തിന് കാരണമായതെന്ന് മണ്ണടി മോഹനൻ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.