1
സുനിൽ ടീച്ചർ പ്രസന്നക്കും കുടുംബത്തിനും നിർമ്മിച്ച് നൽകിയ വീടിന്റെ ്് ഗൃഹപ്രേവേശന കർമ്മം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയും ഗോപകുമാർ നിർവഹിക്കുന്നു /കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

പള്ളിക്കൽ : സുനിൽ ടീച്ചറിന്റെ സ്നേഹകാരുണ്യത്തിലൂടെ കാലിത്തൊഴുത്തിലെ ദുരിത ജീവിതത്തിൽ നിന്ന് പ്രസന്നയ്ക്കും കുടുംബത്തിനും മോചനം. ചോർന്നൊലിക്കുന്ന ഷെഡിൽ കന്നുകാലികൾക്കൊപ്പം അന്തിയുറങ്ങേണ്ടിവന്ന പള്ളിക്കൽ പുത്തൻ വീട്ടിൽ പ്രസന്നയുടെയും കുടുംബത്തിന്റെയും ദുരിത ജീവിതത്തെക്കുറിച്ച് മാർച്ച് 12 ന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സാമൂഹിക പ്രവർത്തക ഡോ.എം .എസ് സുനിൽ അവിടെയെത്തി വീട് നിർമ്മിച്ചുനൽകാമെന്ന് അറിയിച്ചിരുന്നു. 50 വർഷത്തിലധികം പഴക്കമുള്ള പഴയ വീട് 2018 ലെ പ്രളയത്തിലാണ് ഇടിഞ്ഞു വീണത്. കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്ന ഇവരുടെ വീടിന്റെ ഭിത്തി തകർന്നതോടെ തൊഴുത്തും വീടും ഒന്നായി. ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 259 -ാം സ്‌നേഹ ഭവനമായാണ് സുനിൽ ടീച്ചർ ഇവർക്ക് വീട് നൽകിയത്. ഷിക്കാഗോ മലയാളിയായ ചാക്കോച്ചൻ കടവിലിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ പിതാവായ ജോസഫ് ചാണ്ടി കടവിലിന്റെ പത്താം ചരമവാർഷികത്തിന്റെ സ്മരണാർത്ഥമാണ് വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും താക്കോൽദാനം സിറിയക് പുൽപ്പാറയിലും നിർവഹിച്ചു. മേരി കടവിൽ., സ്‌കറിയക്കുട്ടി തോമസ്., പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ., മുൻ വാർഡ് മെമ്പർ ശ്രീലത.എസ്., കോശി കുഞ്ഞ്., റേച്ചൽ കോശി എന്നിവർ പ്രസംഗിച്ചു.