ചെങ്ങന്നൂർ: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് കേരളത്തിലേക്ക് കർണാടകയിൽ നിന്നും ആദ്യമായി സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചതായി റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് അറിയിച്ചു.കർണാടകയിലെ വിജയപുരം സ്റ്റേഷനിൽ നിന്നും കോട്ടയം വരെയുള്ള സർവീസ് ഏഴ് മുതൽ ആരംഭിക്കും. ഫെബ്രുവരി ഒന്ന് വരെ സർവീസ് തുടരും. ട്രെയിൻ ചെങ്ങന്നൂർ വരെ നീട്ടിയേക്കും. ഇതിന് പുറമേ തമിഴ്‌നാട്, ആന്ധ്രാ, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നും മുൻവർഷങ്ങളിലെ പോലെ സ്‌പെഷ്യൽ സർവീസുകളുണ്ടാകും. തീർത്ഥാടനത്തോടനുബന്ധിച്ചു എല്ലാ ദിവസവും രണ്ടു സ്‌പെഷ്യൽ ട്രെയിനുകൾ വീതം ഉണ്ടാകും. ചെങ്ങന്നൂർപമ്പ എലിവേറ്റഡ് റെയിൽപാത സംബന്ധിച്ചു നിരവധി പദ്ധതികൾ പലരും സമർപ്പിച്ചിട്ടുണ്ടെങ്കിലും റെയിൽവേ ബോർഡ് തലത്തിൽ തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
മനുഷ്യമാലിന്യമടക്കം പമ്പയിലേക്ക് ഒഴുകുന്നു : കൃഷ്ണദാസ്
പമ്പയിൽ സ്വീവേജ് കോംപ്ലക്‌സ് അടച്ചുപൂട്ടിയിരിക്കുകയാണെന്നും ഇതുമൂലം മനുഷ്യമാലിന്യമടക്കം പമ്പ നദിയിലേക്ക് ഒഴുകുന്നതായി കൃഷ്ണദാസ് പത്രസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പി പ്രവർത്തകർ പമ്പയിൽ സന്ദർശനം നടത്തിയിരുന്നു. ഹോട്ടലുകളിൽ നിന്നുള്ള മാലിന്യവും ആറാട്ടുകടവിന് സമീപം ഒഴുക്കിവിടുകയാണ്. ശബരിമലയുടെ വികസനത്തിനായി 16.5 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. പിണറായി സർക്കാർ ഇപ്പോഴും തീർത്ഥാടകരെ ശത്രുക്കളായി കാണുകയാണെന്നും ആരോപിച്ചു.