road-
ശബരിമല പാതയുടെ വശങ്ങളിൽ തീര്ഥാടകർക്ക് പാർക്കിങ്ങിനും ഭക്ഷണം പാകം ചെയ്യാനും ഒഴിച്ചിടുന്ന സ്ഥലത്തെ ഇപ്പോഴത്തെ അവസ്ഥ.

റാന്നി: ശബരിമല തീർത്ഥാടകർക്ക് വിശ്രമിക്കാനുള്ള അത്തിക്കയം - അറയ്ക്കമൺ ജംഗ്‌ഷനിലെ പാർക്കിംഗ് കേന്ദ്രം ചെളിക്കുണ്ടായി. അറയ്ക്കമൺ ജംഗ്‌ഷനും അത്തിക്കയം വലിയ പാലത്തിനും ഇടയ്ക്കുള്ള റോഡിന്റെ ഇരുവശവും കോൺഗ്രീറ്റ് ചെയ്യണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടികളൊന്നും ഉണ്ടായിട്ടില്ല. കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്തു നികത്തിയ ഭാഗമാണ് ഇപ്പോൾ ചെളിക്കുണ്ടായി കിടക്കുന്നത്. കൂടാതെ വലിയ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതും ഇതേ സ്ഥലത്താണ്. മഴക്കാലമായതിനാൽ ഇവിടെ വെള്ളം കെട്ടിനിന്ന് കൊതുകു പടരാനും സാദ്ധ്യത ഏറെയാണ്. ശബരിമല മണ്ഡലം മകരവിളക്ക് തീർത്ഥാടനകാലത്ത് ഇവിടെ വാഹനപാർക്കിംഗിനായി ഒഴിച്ചിട്ടിരിക്കുന്നതാണ്. ശബരിമല നടതുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യാതൊരുവിധ ഒരുക്കങ്ങളും പഞ്ചായത്തുകൾ തുടങ്ങിയിട്ടുപോലുമില്ല. ശബരിമല പാതയിലെ ഇരുവശങ്ങളിലെയും കാടുകൾ തെളിച്ചു അപകട ഭീഷണി ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.