മല്ലപ്പള്ളി: യാത്രാക്ളേശം മൂലം താലൂക്കിൽ ജനം ബുദ്ധിമുട്ടുന്നു. കെ.എസ്.ആർടി.സി തിരുവല്ല, മല്ലപ്പള്ളി, റാന്നി, എരുമേലി ഡിപ്പോകളിൽ നിന്ന് മല്ലപ്പള്ളി-തിരുവല്ല, റാന്നി - മല്ലപ്പള്ളി, തിരുവല്ല - ചുങ്കപ്പാറ, എരുമേലി - മല്ലപ്പള്ളി സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി.. എരുമേലിയിൽ നിന്ന് പെന്തൻപുഴ, ചുങ്കപ്പാറ, വായ്പ്പൂരു വഴി മല്ലപ്പള്ളിക്കും തിരുവല്ലയിൽ നിന്ന് ഇരവിപേരൂർ, വെണ്ണിക്കുളം, പടുതോട്, എഴുമറ്റൂർ, ചാലാപ്പള്ളി, ചുങ്കപ്പാറ, കോട്ടാങ്ങൽ വഴിയും . മല്ലപ്പള്ളിയിൽ നിന്ന് പാടിമൺ, എഴുമറ്റൂർ, ചാലപ്പള്ളി, വൃന്ദാവനം വഴി റാന്നിക്കും സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്. തിരുവല്ലയിൽ നിന്ന് രാത്രി 9.20 ന് ഉണ്ടായിരുന്ന എഴുമറ്റൂർ സ്റ്റേ ബസ് നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. കോട്ടാങ്ങൽ-മണിമല റൂട്ടിൽ ബസ് സർവീസ് പൂർണമായും നിലച്ചിരിക്കുകയാണ്. കോട്ടാങ്ങലിൽ നിന്നുള്ള ചാലാപ്പള്ളി - വെണ്ണിക്കുളം - തിരുവല്ല ബസ് മിക്ക ദിവസവും ഉണ്ടാകാറില്ല. രണ്ട് സ്വകാര്യ ബസുകളാണ് ആശ്രയം.പൊൻകുന്നം- തിരുവല്ല റൂട്ടിൽ സർവീസ് ആരംഭിച്ചാൽ നൂറുകണക്കിന് ദീർഘദൂര യാത്രക്കാർക്കും ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനമാവും.പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന ചുങ്കപ്പാറ - പൊന്തൻപുഴ റൂട്ടിൽ യാത്രാ സൗകര്യമില്ലാത്തതിനാൽ പത്തനംതിട്ട , കോട്ടയം ജില്ലകളിലെ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ നട്ടം തിരിയുകയാണ്.ഇരു ജില്ലകളെയും ബന്ധിപ്പിച്ച് എരുമേലി -മല്ലപ്പള്ളി സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട് .കൊവിഡിനെ തുടർന്ന് സ്വകാര്യ ബസുകൾ മിക്കയിടങ്ങളിലും സർവീസ് അവസാനിപ്പിച്ചതോടെ പല പ്രദേശങ്ങളിലും യാത്രാ ദുരിതമാണ്.