റാന്നി:റാന്നി താലൂക്ക് ആശുപത്രിക്ക് കിഫ്ബി മുഖാന്തരം അനുവദിച്ച പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായി അഡ്വ പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. ഇതിന്റെ ഭാഗമായി കിഫ്ബി യുടെ എൽ എ തഹസിൽദാരുടെ നേത്യത്വത്തിലുള്ള സംഘം റാന്നിയിലെത്തി സ്ഥല പരിശോധന നടത്തി. സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകുന്നതിനാൽ കെട്ടിട നിർമ്മാണം വൈകുമെന്ന നിലയിലായിരുന്നു. തുടർന്ന് എം.എൽ.എ ഇടപെട്ടാണ് നടപടികൾ വേഗത്തിലാക്കിയത്.
റാന്നി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 18.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ആശുപത്രിയോട് ചേർന്നുകിടക്കുന്ന സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 51.5 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത് .കിഫ്ബി എൽ.എ കായംകുളം യൂണിറ്റുള്ള സംഘമാണ് സ്ഥല പരിശോധന നടത്തിയത്. ഇനി സാമൂഹ്യ ആഘാത പഠനവും നടത്തും. തുടർന്ന് സ്ഥലം ഏറ്റെടുക്കൽ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കും.