പത്തനംതിട്ട: നിലമ്പൂരിൽ കളിമൺ തൊഴിൽ ചെയ്തു ജീവിക്കുന്ന കുംഭാര സമുദായത്തിൽപ്പെട്ടവർ നിർമ്മിച്ച പാത്രങ്ങളുടെയും ചുവർ ചിത്രങ്ങളുടെയും പ്രദർശന വിപണനമേള പത്തനംതിട്ട വൈ.എം.സി.എ ഹാളിൽ ആരംഭിച്ചു. ടെറാകോട്ട ഉൽപ്പന്നങ്ങൾ നിർമ്മിച്ചു വിപണനം നടത്തുന്ന അനശ്വരം കിച്ചൺ പ്രൊഡക്ട് ആൻഡ് മ്യൂറൽസാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മാനേജർ വിജയകുമാരി പത്രസമ്മേളനത്തിൽ പറഞ്ഞു.
മാലിന്യമോ രാസ വസ്തുക്കളോ കലരാതെയുള്ള ജൈവ സ്വഭാവമുൾക്കൊള്ളുന്ന മൺപാത്രങ്ങളാണിവ. കളിമണ്ണ് അരച്ചെടുത്ത് ഉരച്ചു മിനുക്കി പൂർണതയിലെത്തിച്ചവയാണിത്. പാചകത്തിനുപയോഗിക്കുന്ന വ്യത്യസ്തതരം മൺചട്ടികൾ, ഇൻഡോർ പ്ലാന്റ് ചട്ടികൾ, അപ്പച്ചട്ടികൾ, ഫുൽക്ക ചപ്പാത്തിച്ചട്ടി, ബൗളുകൾ, ചീനച്ചട്ടികൾ, കൂജകൾ, ജഗ്, മഗ്, കപ്പ്, ഫ്രയിംഗ് പാൻ, മെഴുകുതിരി സ്റ്റാൻഡ്, മുത്തുമണി പാത്രങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയും ഭംഗിയേറിയ ചുവർ ചിത്രങ്ങൾ ടെറാക്കോട്ടയിൽ തയാറാക്കിയതും മേളയിലുണ്ട്. വ്യത്യസ്തങ്ങളായ 150ൽപരം ഉൽപന്നങ്ങളാണ് തങ്ങൾ നിർമ്മിച്ചു വിപണിയിലെത്തിക്കുന്നതെന്നും വിജയകുമാരി പറഞ്ഞു. എട്ടുവരെ ദിവസവും രാവിലെ പത്തു മുതൽ രാത്രി എട്ടുവരെയാണ് മേള.