തിരുവല്ല: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മരംവെട്ട് തൊഴിലാളിയായ കവിയൂർ കളമ്പുകേളയിൽ വീട്ടിൽ വിനോദ് (32) നെയാണ് രക്ഷിച്ചത്. തിരുമൂലപുരം നെല്ലിവേലിൽ മാത്യു കുരുവിളയുടെ പുരയിടത്തിലെ തേക്കു മരത്തിന്റെ 60 അടിയോളം ഉയരമുള്ള ശിഖരത്തിലാണ് വിനോദ് കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ വടവും വലയും ഉപയോഗിച്ച് വിനോദിനെ താഴെ എത്തിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ബാബു, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.എസ്. അനിൽകുമാർ, ഫയർ ഓഫീസർമാരായ പി. സജു, എം.എസ്. അനൂപ്, വർഗീസ് ഫിലിപ്പ്, ഡ്രൈവർമാരായ ശിവപ്രസാദ്, സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.