ഇലവുംതിട്ട: ബസ് സർവീസുകൾ ഇല്ലാത്ത സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളെ വലയ്ക്കുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലും പരിസര സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് മഞ്ഞിനിക്കര - ഇലവുംതിട്ട ഭാഗത്തേക്ക് തിരികെ വരാൻ കഴിയാതെ ഏറെ വലയുന്നത്. വൈകിട്ട് മൂന്നിനും നാലിനുമുള്ള കോളേജ്‌, സ്‌കൂൾ സമയങ്ങൾ അവസാനിച്ച് കഴിഞ്ഞ് 5.30 വരെ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് അഞ്ച് കഴിഞ്ഞു വരുന്ന ബസുകളിൽ ജോലിക്ക് പോയി മടങ്ങുന്നവരും കുട്ടികളുമായി ആളുകളെ കുത്തിനിറച്ചു അപകടകരമായിട്ടാണ് വരവ്. സ്വകാര്യ ബസുകളും കുറവായതിനാൽ പ്രക്കാനം, മുട്ടത്തുകോണം ഭാഗത്തേക്ക് വരുന്നവരും ബുദ്ധിമുട്ടുന്നു. ജില്ലാ ആസ്ഥാനത്തു നിന്നും ചെങ്ങന്നൂർ,പന്തളം എന്നിവിടങ്ങളിൽ നിന്നും ഇലവുംതിട്ടയ്ക്ക് രാത്രികാല സർവീസുകൾ ഇല്ലാത്തതും വൈകിട്ട് അഞ്ച് കഴിഞ്ഞുള്ള ബസുകളിൽ തിരക്ക് കൂടാൻ ഇടയായിട്ടുണ്ട്. ചെന്നീർക്കര,പന്നിക്കുഴി, മുറിപ്പാറ, അമ്പലത്തുംപാട് വഴിയുള്ള സർക്കുലർ സർവീസും വൈകുന്നേരങ്ങളിൽ മൂന്നരയോടെ പത്തനംതിട്ട - ചെങ്ങന്നൂർ ചെയിൻ സർവീസും അടിയന്തരമായി പുനസ്ഥാപിച്ച് വിദ്യാർത്ഥികളുടെ ഉൾപ്പെടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.