 
ചെങ്ങന്നൂർ: ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി പുനരാവിഷ്‌കരിച്ച സന്തോഷ് ടാക്കീസിൽ ഇന്നലെ വൈകിട്ട് സത്യനും ഷീലയും ജയനും നസീറും ജയഭാരതിയുമുൾപ്പടെ 20 ഓളം പഴയകാല ചലച്ചിത്ര താരങ്ങൾ സിനിമകാണാൻ എത്തി.! സിനിമ പ്രദർശനത്തിന്റെ സമാപന ദിനമാണ് താരങ്ങൾ തിയറ്ററിനു മുന്നിൽ അണിനിരന്നത്. പഴയ ടാക്കിസിനൊപ്പം പഴയകാല നടീ-നടന്മാരെ പുനർ സൃഷ്ടിച്ചത് എന്റെ ചെങ്ങന്നൂർ നവ മാദ്ധ്യമ കൂട്ടായ്മയുടെ പ്രവർത്തകരാണ്. സിനിമകാണാനെത്തിയവർ പഴയകാല താരങ്ങളെ കണ്ട് കൗതുകപൂർവ്വം അടുത്തെത്തി. താരങ്ങളായി വേഷമിട്ടവർ പഴയകാല സിനിമാതാരങ്ങളുടെ ഭാവപ്രകടത്തോടെ കാണികളെ കൈയ്യിലെടുത്തു. തുടർന്ന് ഗ്രൂപ്പിലെ അംഗങ്ങളായ നടീനടന്മാർ ലഹരി വിരുദ്ധ കാമ്പയിനും നടത്തി. സന്തോഷ് ടാക്കിസിൽ ഇനി പ്രദർശനമില്ലെന്ന സങ്കടം സിനിമാ പ്രേമികൾ പങ്കുവെച്ചു. എങ്കിലും സന്തോഷ് ടാക്കിസ് കുറച്ചു ദിവസത്തേക്കാണെങ്കിലും പുനർസൃഷ്ടിച്ച സജി ചെറിയാൻ എം.എൽ.എ ഉൾപ്പടെയുളള ചെങ്ങന്നൂർ പെരുമയുടെ സംഘാടകരോട് നന്ദിപറഞ്ഞാണ് അവർ മടങ്ങിയത്.