തിരുവല്ല: ലഹരിക്കെതിരെ ബോധവൽക്കരണം ശക്തമായിട്ടും കവിയൂർ പഞ്ചായത്തിൽ വ്യാജമദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും വിൽപ്പന വ്യാപകമാകുന്നതായി പരാതി. കണിയാമ്പാറ,മത്തിമല,കോട്ടൂർ, കുരുതികാമൻകാവ്, നാഴിപ്പാറ, മുണ്ടിയപ്പള്ളി വാക്കേക്കടവ് എന്നിവിടങ്ങളിലാണ് ലഹരിമാഫിയ അരങ്ങുതകർക്കുന്നത്. മദ്യഷോപ്പുകൾ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് പഞ്ചായത്തിലെ ഉൾനാടൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങിയ വ്യാജമദ്യ വിൽപ്പന കേന്ദ്രങ്ങളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. പലസ്ഥലങ്ങളിൽ നിന്നും വ്യാജസ്പിരിറ്റ് എത്തിച്ച് വിൽപ്പന നടത്തുന്നത് കൂടാതെ ബീവറേജസ് ഷോപ്പുകളിൽ നിന്ന് വൻതോതിൽ മദ്യംവാങ്ങി സൂക്ഷിച്ച് വിലകൂട്ടി വിൽപ്പനയും തുടരുകയാണ്. ചില വീടുകൾ കേന്ദ്രീകരിച്ച് വാറ്റ് നടത്തുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചെറിയ തോടുകൾക്ക് സമീപത്ത് ചൂണ്ടയിടാനെന്നും വീഡിയോ ചിത്രീകരിക്കാനെന്ന വ്യാജേനയും തമ്പടിച്ച് ലഹരി ഉപയോഗിക്കുന്നുണ്ട്. എതിർക്കുന്നവരെ ആക്രമിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെ സമീപവാസികൾക്കും നാട്ടുകാർക്കും ഇവർ കടുത്ത ഭീഷണിയായിരിക്കുകയാണ്. മദ്യഷോപ്പുകൾ അടഞ്ഞുകിടക്കുന്ന ഒന്നാം തീയതികളിൽ ഊടുവഴികളിൽ പോലും പരസ്യമായി മദ്യവിൽപ്പന നടക്കുന്നതായും നാട്ടുകാർ പറയുന്നു.

പൊലീസ്- എക്സൈസ് പരിശോധന ഇല്ലെന്ന് പരാതി

മുമ്പ് പൊലീസ്,എക്സൈസ് അധികൃതർ ശക്തമായ പരിശോധന നടത്തിയിരുന്നു. പിന്നീട് ഇത് നിലച്ചു. അധികൃതരുടെ ഒത്താശയോടെയാണ് വ്യാജമദ്യ വിൽപ്പന കേന്ദ്രങ്ങൾ സജീവമാകുന്നതെന്ന ആക്ഷേപവും ശക്തമാണ്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിയതോടെ കവിയൂർ മേഖലയിൽ നിരവധി കേസുകൾ അടുത്തകാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പന ചോർത്തിക്കൊടുത്തെന്ന് ആരോപിച്ച് മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അക്രമങ്ങളും ഇവിടെയുണ്ടായി. ജയിൽശിക്ഷ അനുഭവിച്ച ചിലരും ഇതിനെല്ലാം കൂട്ടുനിൽക്കുന്നു. നാട്ടുകാരും മറുനാട്ടുകാരും ചേർന്ന് ലഹരിവിൽപ്പന വ്യാപകമാക്കി പ്രദേശത്തെ സ്വൈര്യജീവിതം നഷ്ടപ്പെടുത്തുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.