പ്രമാടം : അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് വാഹനങ്ങൾ തെന്നിമാറി അപകടം സംഭവിക്കുന്ന പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പുളിമുക്കിനെ അപകട രഹിതമാക്കാൻ നടപടി. പുളിമുക്കിലെ അപകടക്കെണി സംബന്ധിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ശബരിമല സേഫ് സോൺ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടം അപകട രഹിതമാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയത്. അടുത്ത ദിവസങ്ങളിൽ ഇവിടെ അലൈൻമെന്റ് പരിശോധനകൾ നടത്തും. മിനുസമുള്ള സീബ്രാലൈനുകൾ മാറ്റി ഗ്രിപ്പുള്ള ലൈനുകൾ സ്ഥാപിക്കും. വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ റോഡിൽ റിഫ്ളക്ടറുകളും സ്ഥാപിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തീകരിച്ച് പ്രദേശത്തെ അപകട രഹിതമാക്കുകയാണ് ലക്ഷ്യം. ശബരിമല തീർത്ഥാടനകാലം തുടങ്ങിയാൽ നിരവധി തീർത്ഥാടക വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങൾ തെന്നിമാറിയുള്ള അപകടങ്ങൾ തുടർക്കഥയായതോടെ നാട്ടുകാർ ഭീതിയിലായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഇവിടെ അപകടത്തിൽപ്പെട്ടിരിക്കുന്നത്. അശാസ്ത്രീയമായ റോഡ് അലൈൻമെന്റും കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ ഇവിടെ വരച്ചിട്ടുള്ള സീബ്രാ ലൈനുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. മിനുസമുള്ള സീബ്രാ ലൈനിൽ വാഹനങ്ങൾ തെന്നിമാറിയാണ് ഭൂരിഭാഗം അപകടങ്ങളും സംഭവിച്ചിരിക്കുന്നത്. മഴ പെയ്താൽ അപകട സാദ്ധ്യത വർദ്ധിക്കുകയും ചെയ്യും. പ്രദേശം അപകടക്കെണിയായി മാറുന്നത് സംബന്ധിച്ച് നാട്ടുകാർ നിവരധി തവണ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല.