കോന്നി : സ്നേഹാലയത്തിൽ പരിചരണത്തിലായിരിക്കെ മരണപ്പെട്ട ബാലൻ ആചാരിക്ക് സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സ്നേഹാലത്തിന്റെ ഭൂമി ചിതയൊരുക്കാൻ വിട്ടു നൽകി ഇ എം.എസ്. ചാരിറ്റബിൾ സൊസെറ്റി. അരുവാപ്പുലം മുതുപേഴുങ്കൽ കൊല്ലൻ പറമ്പിൽ ബാലൻ ആചാരി കിടപ്പിലായതിനെ തുടർന്ന് 6 മാസത്തിനു മുൻപ് സ്നേഹാലയത്തിൽ പരിചരണത്തിനായി പ്രവേശിപ്പിച്ചത്. ബാലൻ ആചാരിയും ഏക മകൻ ശ്രീകുമാറും വാടക വീട്ടിലായിരുന്നു താമസം. കാർപന്റർ പണിക്കാരനായ മകൻ ശ്രീകുമാറിന് അച്ഛന്റെ പരിചരണത്തെ തുടർന്ന് ജോലിയ്ക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് സ്നേഹാലയത്തിൽ പ്രവേശിപ്പിച്ചിരുന്നത്. പത്തനംതിട്ട, തിരുവല്ല നഗരസഭകളിലെ ക്രിമിറ്റോറിയം കേടായതിനെ തുടർന്ന് പൂട്ടിയിട്ടിരിക്കുകയാണ്. പിതാവിന്റെ മൃതദേഹം സംസ്കരിക്കാൻ കഴിയാതെ വിഷമിച്ച ശ്രീകുമാറിന് ചിതയൊരുക്കാൻ സ്ഥലം നൽകുകയും സംസ്കാരചടങ്ങിന്റെ ചെലവും ഇ എം.എസ് ചാരിറ്റബിൾ സൊസെറ്റി വഹിച്ചു. സംസ്കാര ചടങ്ങിൽ സൊസെറ്റി പ്രസിഡന്റ് ശ്യാംലാൽ, ഭരണ സമിതി അംഗം സന്തോഷ്‌ കുമാർ, ഭാരവാഹികളായ സുരേഷ് ചിറ്റിലക്കാട്, വർഗീസ് ബേബി, ടി.രാജേഷ് കുമാർ,സുനിൽകുമാർ,സുഭദ്രാ കോമളൻ, ജി.സോമനാഥൻ ,ആദർശ് തുടങ്ങിയവർ പങ്കെടുത്തു.