ചെങ്ങന്നൂർ: ഏതാനും വാർഡുകൾ ഡെയ്ഞ്ചർസോണിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ നഗരസഭയിലെ മാസ്റ്റർ പ്ലാൻ തിരുത്തലുകൾ വരുത്തി പുന:പ്രസിദ്ധീകരിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. മാസ്റ്റർ പ്ലാൻ നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് പ്ലാൻ പുനപ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. പുന:പ്രസിദ്ധീകരിക്കുന്നത് വരെ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ടിട്ടുള്ള നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും കൗൺസിൽ യോഗം തീരുമാനിച്ചതായി ചെയർ പേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് പറഞ്ഞു.
മാസ്റ്റർപ്ലാൻ കത്തിച്ച് പ്രതിഷേധിച്ചു
പ്രളയത്തിന്റെ പേരിൽ ചെങ്ങന്നൂർ നഗരസഭിയലെ നിരവധി വാർഡുകൾ ഡെയ്ഞ്ചർ സോണായി പ്രഖ്യാപിച്ചതിനെതിരെ കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് ബി.ജെ.പി കൗൺസിലർമാർ മാസ്റ്റർ പ്ലാൻ കത്തിച്ചു പ്രതിഷേധിച്ചു. അശാസ്ത്രീയമായി തയാറാക്കിയ മാസ്റ്റർപ്ലാൻ പിൻവലിക്കാതെ ഭേദഗതിക്ക് നിർദേശിച്ച കൗൺസിൽ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം നടത്തിയത്. പ്രളയത്തിന്റെ പേരിൽ മുൻസിപ്പാലിറ്റിയിലെ നിരവധി വാർഡുകൾ ഡെയ്ഞ്ചർ സോണായി പ്രഖ്യാപിച്ചത് പൂർണമായും പിൻവലിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ജനങ്ങളുമായി ചർച്ച ചെയ്യാതെ സർവകക്ഷിയോഗം വിളിക്കാതെ മനുഷ്യനിർമ്മിത പ്രളയത്തിന്റെ പേരിൽ നടപ്പിലാക്കുന്ന സോൺ വേർതിരിവ് പൂർണമായും പിൻവലിച്ച് ചെയർപേഴ്‌സണും യു.ഡി.എഫും ജനങ്ങളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ആവശ്യപ്പെട്ടു. പാർലമെന്ററി പാർട്ടി ലീഡർ മനുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ മുഖ്യപ്രഭാഷണം നടത്തി.കൗൺസിലന്മാരായ രോഹിത്.പി.കുമാർ, ശ്രീദേവി ബാലകൃഷ്ണൻ,എസ്.സുധാമണി,സിനി ബിജു,ഇന്ദു രാജൻ,ആതിര ഗോപൻ, മുൻസിപ്പൽ ജനറൽ സെക്രട്ടറി കെ.കെ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.