വള്ളിക്കോട് : വള്ളിക്കോട് തീയേറ്റർ ജംഗ്ഷനിലെ അശാസ്ത്രീയ ഓട നിർമ്മാണത്തെ തുടർന്ന് വീടുകളിൽ വള്ളം കയറി. ഇന്നലെ വൈകിട്ട് പെയ്ത മഴയിലാണ് തീയേറ്ററിന്റെ എതിർ വശത്ത് താമസിക്കുന്ന തരംഗം വീട്ടിൽ ഗീതാ മോഹന്റെ വീട്ടിലും സമീപത്തെ സ്ഥാപനങ്ങളിലും വെള്ളം കയറിയത്. വീട്ടിൽ എക്കൽ നിറഞ്ഞതിനെ തുടർന്ന് താമസയോഗ്യമല്ലാതെയായി. ഇലക്ട്രിക് സാധനങ്ങൾക്കും ഫർണീച്ചറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പാണ് ഇവിടെ റോഡ് ടാർ ചെയ്തത്. അന്ന് വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കിയിരുന്നെങ്കിലും ഓട നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം. റോഡിൽ നിന്നും ഉയർന്നാണ് ഓട നിൽക്കുന്നത്. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.