ചെങ്ങന്നൂർ: പമ്പാനദിയിലെ പാണ്ടനാട് നെട്ടായത്തിൽ ഇന്ന് ജലരാജാക്കന്മാർ അങ്കം കുറിക്കും. ഓളങ്ങൾ കീറിമുറിച്ചു കുതിക്കാൻ ഒൻപതു ചുണ്ടനുകളുണ്ടാകും. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള ഒൻപതാമത്തെ മത്സരമാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനു പാണ്ടനാട്ടിൽ നടത്തുന്നത്. വീയപുരം, ദേവസ്, ആയാപറമ്പ് പാണ്ടി, ചമ്പക്കുളം, പായിപ്പാടൻ, ചെറുതന, മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ, സെയ്ന്റ് പയസ് ടെൻത്, നടുഭാഗം ചുണ്ടനുകളാണ് പാണ്ടനാട്ടിൽ മത്സരിക്കുന്നത്. മറ്റ് വിഭാഗങ്ങളിലെ വള്ളങ്ങളും, പള്ളിയോടങ്ങളും പങ്കെടുക്കും. ബോട്ട് ലീഗിനോടനുബന്ധിച്ചു വെള്ളിയാഴ്ച ഇല്ലിമലയിൽ നിന്നും പാണ്ടനാട്ടിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടത്തി. ബോട്ട് ലീഗിന്റെ സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനാകും. മന്ത്രി റോഷി അഗസ്റ്റിൻ ഫ്‌ളാഗ് ഓഫ് ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും. മന്ത്രിമാരായ എം.ബി.രാജേഷ് സമ്മാനദാനവും, വീണാ ജോർജ് സുവനീർപ്രകാശനവും നടത്തും. ഘോഷയാത്രാ പുരസ്‌കാരദാനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും.

തനിമയോടെ ചെങ്ങന്നൂർ പെരുമ
ചാമ്പ്യൻ ബോട്ട് ലീഗ് മത്സരത്തോടെ ചെങ്ങന്നൂരിന്റെ അവേശമായ ചെങ്ങന്നൂർ പെരുമയും സമാപിക്കും. ബോട്ട് ലീഗ് മത്സരങ്ങളോടനുബന്ധിച്ച് കഴിഞ്ഞ മാസം 23ന് ആരംഭിച്ച ചെങ്ങന്നൂർ പെരുമയെന്ന പേരിലെ കലാസാംസ്‌കാരിക പരിപാടി ജനപങ്കാളിത്തംകൊണ്ട് നാടിനെ ഉത്സവ ലഹരിയിലാക്കി. നിയോജകമണ്ഡലത്തിലെ ചെങ്ങന്നൂർ നഗരസഭയിലും 10 പഞ്ചായത്തുകളിലുമായി 38 വേദികളിൽ പരിപാടികൾ നടന്നു. 120 കലാരൂപങ്ങളും 15 സെമിനാറുകളും മൂന്ന് വിളംബര ഘോഷയാത്രകളും നടന്നു.