ചെങ്ങന്നൂർ: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനോടനുബന്ധിച്ചു ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ കറന്റ് റിസർവേഷൻ കൗണ്ടർ പരിഗണനയിൽ. കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ നേതൃത്വത്തിൽ ഇന്നലെ സ്റ്റേഷനിൽ അവലോകന യോഗം ചേർന്നു. കൗണ്ടറിന്റെ പ്രവർത്തനത്തിനായി അധികമായി ജീവനക്കാരെയും നിയോഗിക്കും. ഇതിനു പുറമേ സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പുകൾ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ കൂടി നൽകും. സ്റ്റേഷനിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീൻ പുനഃസ്ഥാപിക്കും. തീർത്ഥാടനകാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 70 ആർ.പി.എഫ്. ഉദ്യോഗസ്ഥരെ കൂടി സ്റ്റേഷനിൽ താത്കാലികമായി നിയമിക്കും. നിലവിൽ കോട്ടയം വരെ അനുവദിച്ചിരിക്കുന്ന സ്‌പെഷ്യൽ ട്രെയിനുകൾ കൊല്ലം വരെ നീട്ടാനുള്ള നടപടികൾ റെയിൽവേ ബോർഡുമായി ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് എം.പി. അറിയിച്ചു. യോഗത്തിൽ ഡി.ആർ.എം. മുകുന്ദ് രാമസ്വാമി, എസ്.ആർ.ഡി.സി.എം. ജെറിൻ ആനന്ദ്, ആർ.പി.എഫ്. എ.എസ്.സി. എം. ശിവദാസ്, ആചാരി, ആർ. രഞ്ജിത്ത്, അമിത് പ്രകാശ്, പി. രംഗനാഥൻ, ഡി. വിജയകുമാർ, എസ്. സുമ, മറിയാമ്മ ജോൺ ഫിലിപ്പ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.