പത്തനംതിട്ട: പരിചയം മുതലെടുത്ത് കോന്നി സ്വദേശിയായ യുവതി പലരിൽ നിന്നായി വൻ തുക തട്ടിയെടുത്തതായി പരാതി. വെള്ളപ്പാറ സ്വദേശിനിയായ രമാ സന്തോഷിനെതിരേയാണ് പരാതി.
ദേവസ്വം ബോർഡ് ഏറ്റെടുത്ത വസ്തുവിന്റെ വിലയായി ലഭിക്കാനുണ്ടായിരുന്ന കോടിക്കണക്കിനു രൂപ കോടതി വിധിയിലൂടെ ലഭ്യമാകുമെന്നും ഇത് നേടിയെടുക്കുന്നതിലേക്ക് അടിയന്തരമായി പണത്തിന്റെ ആവശ്യമുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തനിക്ക് ഇപ്പോൾ പണം നൽകി സഹായിക്കുന്നവർക്ക് വൻതുക തിരികെ നൽകുമെന്ന് പറഞ്ഞ് മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ടു നൽകിയാണ് തട്ടിപ്പ് നടത്തിവന്നത്.
നിരവധിപേരിൽ നിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തുവെന്ന് തട്ടിപ്പിനിരയായവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇലന്തൂർ സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഉത്തമൻ, കൊടുമൺ സ്വദേശികളായ കെ .പി പുഷ്പ , മിനിതോമസ്, ടി.ആർ. ലളിത, സജിബേബി എന്നിവർക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ടു. ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. രമയും ഇവരുടെ സുഹ്യത്തായ കോന്നി സ്വദേശി സജുവും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.