പത്തനംതിട്ട : നിരോധിത പുകയിൽ ഉൽപ്പന്നങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ. പന്തളം പെരുമ്പുളിക്കലിൽ സ്റ്റേഷനറി കട നടത്തുന്ന മയൂരി ഭവനിൽ ജയചന്ദ്രൻ (49), ഏനാത്ത് ഏഴാംമൈൽ ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുന്ന കിണറുവിള കിഴക്കേതിൽ നടരാജൻ (63), കോന്നി അട്ടച്ചാക്കൽ സ്വദേശി തോട്ടത്തിൽ വീട്ടിൽ ജിജോ ജോണി (41) എന്നിവരാണ് അറസ്റ്റിലായത്. ജയചന്ദ്രന്റെയും നടരാജന്റെയും കടകളിൽ നിന്നും 32 വീതം പായ്ക്കറ്റും, ജിജോ ജോണിയുടെ പക്കൽ നിന്ന് 20 പായ്ക്കറ്റുമാണ് പിടിച്ചെടുത്തത്. ജില്ലയിൽ പരിശോധന തുടർന്നുവരികയാണെന്നും, കർശന നിയമനടപടികൾ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഡാൻസാഫ് സംഘത്തിൽ എസ്.ഐ അജി സാമൂവൽ, സി.പി.ഓമാരായ അഖിൽ, ബിനു എന്നിവരാണ് ഉണ്ടായിരുന്നത്. പന്തളം എസ് ഐ ശ്രീജിത്ത്, കോന്നി എസ്.ഐ സജു എബ്രഹാം, ഏനാത്ത് എസ്.ഐ ഷാജികുമാർ എന്നിവരുടെ നേതൃത്വത്തിൽ അതത് പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരും റെയ്ഡുകളിൽ പങ്കെടുത്തു.