റാന്നി: വടശേരിക്കര പേഴുംപാറയിൽ നാട്ടുകാരുടെ കൂട്ടായ്മയിൽ പൊതുസ്ഥലത്തെ കിണറും പരിസരവും വൃത്തിയാക്കി. വേനൽക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന വടശേരിക്കര പേഴുംപാറ ജംഗ്ഷന് സമീപത്തെ വർഷങ്ങൾ പഴക്കമുള്ള പൊതുകിണറാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ വൃത്തിയാക്കിയത് .റവന്യു രേഖകൾ പ്രകാരം സർക്കാർ പുറമ്പോക്കിലുള്ള ഈ കിണർ ഒരുകാലത്ത് പേഴുംപാറയിലെ പ്രധാന ജലസ്രോതസായിരുന്നു. സംരക്ഷണഭിത്തി കെട്ടി കുളിക്കുവാനും മറ്റുമുള്ള സൗകര്യങ്ങളുൾപ്പെടെ ക്രമീകരിച്ചിരുന്ന ഈ കിണറും പരിസരവും പിന്നീട് സംരക്ഷിക്കാനാളില്ലാതെ കാടുകയറി കിടക്കുകയായിരുന്നു. ഇതുമൂലം കിണറും പരിസരവും പലതവണ കൈയേറ്റശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. കിണറും അതിനോട് അനുബന്ധമായ ഭൂമിയും ഏറ്റെടുത്തു സംരക്ഷിക്കണമെന്ന് വടശേരിക്കര പഞ്ചായത്തിനോട് നാട്ടുകാർ നിരവധി തവണ അഭ്യർത്ഥിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് പേഴുംപാറയിലെ നാട്ടുകാർ സംഘടിച്ച് കിണറും പരിസരവും വൃത്തിയാക്കി പെയിന്റ് അടിച്ചു നവീകരിച്ചത്.