road
മുണ്ടു കോട്ടയ്ക്കൽ - കൈരളി പുരം റോഡ്

പത്തനംതിട്ട : മുണ്ടു കോട്ടയ്ക്കൽ - കൈരളി പുരം റോഡിന്റെ ഓടകളുടെ നിർമ്മാണം അശാസ്ത്രീയമെന്ന് പരാതി. കലുങ്കിലെ വെള്ളക്കെട്ട് കാരണം ഓടകൾ നിറഞ്ഞു ആശ്രമം റോഡിലൂടെയാണ് വെള്ളം പോകുന്നത്. ഇതുവഴിയുള്ള യാത്ര ദുഷ്‌കരമാണ്. റീ ബിൽഡ് കേരള പദ്ധതി പ്രകാരം പൊതുമരാമത്ത് നടത്തി വരുന്ന പണികൾ മാസങ്ങളായി മെല്ലെപ്പോക്കാണ്. സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്നതിനു തടസം നേരിടുന്നു. ഇതു സംബന്ധിച്ച് വകുപ്പ് മേധാവികൾക്ക് പരാതി നൽകിയിട്ടുണ്ട്. നിലവിലുള്ള ഓടകൾ ആഴം കൂട്ടി നവീകരണം നടത്തണമെന്ന ആവശ്യം ശക്തമാണെന്ന് നഗരസഭ കൗൺസിലർ ആൻസി തോമസ് പറഞ്ഞു. ഓടകളുടെ നിലവിലുള്ള ആഴം കൂട്ടി സമയബന്ധിതമായി പണികൾ പൂർത്തിയാക്കണമെന്ന് മുൻ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ സജി കെ.സൈമൺ അഭിപ്രായപ്പെട്ടു. നിലവിലുള്ള ഓടകളുടെ നിർമ്മാണം അശാസ്ത്രീയമാണെന്നും ഇതു സംബന്ധിച്ച പോരായ്മകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.