06-sivabodananda
ചെങ്ങന്നൂർ കോടുകുളഞ്ഞി ശ്രീ നാരായണ വിശ്വകർമ്മ മഠം മഠാധിപതി ശ്രീമദ് ശിവബോധാനന്ദ സ്വാമികളുടെ ജന്മദിനം സമ്മേളനം മാവേലിക്കര എം.പി. ശ്രീമാൻ കൊടിക്കുന്നിൽ സുരേഷ് അവറുകൾ ഉദ്ഘാടനം ചെയ്യുന്നു. മഠാധിപതി സ്വാമി ശിവബോധാനന്ദ, സ്വാമി മണികണ്ഠസ്വരൂപാനന്ദ,ബ്രഹ്മശ്രീ സുജിത്ത് തന്ത്രികൾ, ആശ്രമ പ്രസിഡന്റ് സുരേഷ് മുടിയൂർക്കോണം, അഡ്വ: സന്തോഷ്, ബാബുരാജ് അയി രൂർ, മോളി നാരായണൻ എന്നിവർ സമീപം.

ചെങ്ങന്നൂർ: ശ്രീനാരായണ സന്ദേശം ലോകത്തിന് അനിവാര്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ചെങ്ങന്നൂർ കോടുകുളഞ്ഞി ശ്രീനാരായണ വിശ്വകർമ്മ മഠം മഠാധിപതി ശിവബോധാനന്ദ സ്വാമികളുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആദ്ധ്യാത്മികതയുടെ മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ശ്രീനാരായണ ദർശനത്തിലേക്ക് എല്ലാ മനുഷ്യരും ലോകരും എത്തിച്ചേരണം. ആദ്ധ്യാത്മികതയെ പ്രാകൃതമായ ആരാധനയായി ഇപ്പോഴും തുടരുന്ന ഈ കാലഘട്ടത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നീക്കി നാരായണഗുരു വിഭാവനം ചെയ്യുന്ന മനുഷ്യസ്‌നേഹത്തിന് അധിഷ്ടിതമായ ആരാധനാ സമ്പ്രദായം എല്ലാ മതങ്ങളിലും വിശ്വാസങ്ങളിലും ഉണ്ടാകട്ടെ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തുടർന്ന് മെഡിക്കൽ എൻട്രൻസിൽ ഉന്നത വിജയം നേടിയ കുട്ടിയെ ആദരിച്ചു. ശ്രീനാരായണ വിശ്വധർമ്മമഠം പ്രസിഡന്റ് സുരേഷ് മുടിയൂർക്കോണം, എസ്.എൻ.ഡി.പിയോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ.ഏ.വി ആനന്ദരാജ് എന്നിവർ സംസാരിച്ചു. നാലു ദിവസം നീണ്ടു നിന്ന ശ്രീനാരായണ കൺവെൻഷനും ജന്മദിന ആഘോഷ പരിപാടികളും ഇതോടെ പൂർണമായി.