cbl
ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഒന്നാം സ്ഥാനംനേടിയ ഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടന്റ് ക്യാപ്റ്റന് മന്ത്രി എം.ബി രാജേഷ് ട്രോഫി നൽകുന്നു

പാണ്ടനാട്: കോരിച്ചൊരിയുന്ന മഴയേയും ആവേശഭരിതരായ കാണികളേയും സാക്ഷിയാക്കി പാണ്ടനാട് നെട്ടായത്തിലെ ഓളപ്പരപ്പിൽ കുതിച്ചുപാഞ്ഞ് മഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടൻ ജേതാക്കളായി. ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) രണ്ടാംസീസണിലെ ഒൻപതാം മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞകുമരകം എൻ.സി.ഡി.സി. ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഒന്നാമനായി ഫിനിഷ് ചെയ്തത്. പമ്പയാറ്റിൽ നടന്ന മത്സരത്തിൽ കുമരകം എൻ.സി.ഡി.സി. ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനെ 46 മൈക്രോ സെക്കൻഡു വ്യത്യാസത്തിലാണ് കാട്ടിൽ തെക്കേതിൽ പിന്നിലാക്കിയത്. കാട്ടിൽ തെക്കേതിൽ മൂന്നുമിനിറ്റ് 42.17 സെക്കൻഡിലും നടുഭാഗം മൂന്നു മിനിറ്റ് 42.63 സെക്കൻഡിലും ഫിനിഷ് ചെയ്തു. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് മൂന്നാം സ്ഥാനം. ലൂസേഴ്‌സ് ഫൈനലിൽ പായിപ്പാട് ചുണ്ടൻ ഒന്നാമതെത്തി. ഇനി കായംകുളം, കല്ലട, കൊല്ലം എന്നിവിടങ്ങളിലാണ് സി.ബി.എൽ മത്സരമുള്ളത്. സി.ബി.എല്ലിൽ ഒൻപതു മത്സരങ്ങൾ പിന്നിട്ടപ്പോൾ 88 പോയിന്റുകളുമായി മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ അപ്രമാദിത്വം തുടരുകയാണ്. വിജയികൾക്കുളള സമ്മാനദാനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സര വള്ളംകളി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി ആന്റിണി രാജു വള്ളംകളി ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി എം.ബി രാജേഷ് സമ്മാനദാനം നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ് അരുൺകുമാർ എം.എൽ.എ, ഔഷധി ചെയർ പേഴ്‌സൺ ശോഭനാ ജോർജ്, പളളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ് രാജൻ, കെ.എസ്.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച് റഷീദ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. എം ശശികുമാർ, പി.എസ്.സി മെമ്പർ അഡ്വ. സി ജയചന്ദ്രൻ, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ജെയിൻ ജിനു, ആർ.ഡി.ഒ എസ്.സുമ,ആർ.സി കുറുപ്പ്, ജി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ സജി ചെറിയാൻ എം.എൽ.എ സ്വാഗതവും ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി കളക്ടർ വി.ആർ കൃഷ്ണ തേജ പതാക ഉയർത്തി.