
അടൂർ : അയ്യപ്പഭക്തർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ് പ്രതിജ്ഞാബദ്ധമാണെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. അടൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്താവളങ്ങളുൾപ്പെടെയുള്ളവ വേണ്ടത്ര സജ്ജമാക്കിയിട്ടില്ല. മണ്ഡല കാലത്ത് അയ്യപ്പഭക്തർ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്നതാണ് കണ്ടുവരുന്നത്. എന്നാൽ സർക്കാർ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുകയാണ്. ഇടത്താവളങ്ങളിൽ വിശ്രമമുറികൾ, വിരി വയ്ക്കാൻ ക്രമീകരണം, ഭക്ഷണം, വൃത്തിയായ ശൗചാലയങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.