sabarimala
പന്തളത്ത് വലിയകോയിക്കൽ ക്ഷേത്രത്തിൽ നടന്ന യോഗം

റാന്നി : അടുത്ത മാസം 15 മുതൽ 28 വരെ റാന്നി തിരുവാഭരണപാതയിൽ നടക്കുന്ന അഖിലഭാരത അയ്യപ്പ മഹാസത്രത്തിലെ വേദിയിൽ ശബരിമല ക്ഷേത്രാചാര പാലനത്തിനായി പരമ്പരാഗതമായി നിലകൊള്ളുന്ന ആചാരഅനുഷ്ഠാന സംഘങ്ങളെ ആദരിക്കാൻ പന്തളത്ത് വലിയകോയിക്കൽ ക്ഷേത്രത്തിൽ നടന്ന യോഗം തീരുമാനിച്ചു. തിരുവാഭരണ പേടക വാഹകസംഘം, പല്ലക്ക് വാഹകസംഘം, കൊട്ടാരനിർവാഹകസംഘം, താഴമൺ തന്ത്രി കുടുംബം, വാൾകുറുപ്പ്, അമ്പലപ്പുഴ - ആലങ്ങാട്ട് പേട്ട സംഘങ്ങൾ, ഗുരുതി, നായാട്ട് വിളി, പറകൊട്ടിപ്പാട്ട് സംഘങ്ങൾ, മലയരയർ തുടങ്ങി 35 വിഭാഗങ്ങളിൽപ്പെടുന്ന പരമ്പരാഗത വിഭാഗങ്ങളെ സത്രത്തിൽ ദക്ഷിണ നൽകി ആദരിക്കാനാണ് തീരുമാനം. അയ്യപ്പസത്രം രക്ഷാധികാരിയും പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറിയുമായ പി.എൻ.നാരായണവർമ്മ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സത്രം പ്രസിഡന്റ് പ്രസാദ് കുഴിക്കാല, ജനറൽ കൺവീനർ എസ്.അജിത്കുമാർ, പ്രോഗ്രാം ചെയർമാൻ ഗോപൻ ചെന്നിത്തല, പന്തളം വലിയകോയിക്കൽ അയ്യപ്പ ക്ഷേത്രത്തിന്റെ ഉപദേശകസമിതി പ്രസിഡന്റ് പ്രിഥിപാൽ, മോഹനചന്ദ്രൻ, സുധാകരൻപിള്ള, മനു തുടങ്ങിയവർ പങ്കെടുത്തു.