kodumon

പത്തനംതിട്ട : കൊവിഡിൽ മുടങ്ങിയ സ്കൂൾ കായികമേള ഇത്തവണ കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തത്തോടെ പുനരാരംഭിക്കുമ്പോൾ പുതുമകളുമുണ്ട്. ട്രാക്കിലെ മത്സരങ്ങളിൽ മുന്നിലെത്തുന്നവരാണ് മുൻ വർഷങ്ങളിൽ താരങ്ങളായതെങ്കിൽ ഇത്തവണ സമയമാണ് വിജയികളെ നിർണയിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷിംഗ് പോയിന്റ് കടക്കുന്നയാൾ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. സമയം അടിസ്ഥാനത്തിൽ വിജയികളെ നിശ്ചയിക്കാൻ അഞ്ച് ഒഫിഷ്യലുകൾ ഗ്രൗണ്ടിലുണ്ടാകും. ഇങ്ങനെ ഒട്ടേറെ പുതുമകൾക്ക് കായികമേള വേദിയാകും. റവന്യു ജില്ലാ കായികമേള അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇൗ മാസം 17,18,19 തീയതികളിലാണ് മത്സരങ്ങൾ.

മുൻ വർഷങ്ങളിൽ പത്തനംതിട്ട, തിരുവല്ല സ്റ്റേഡിയങ്ങളായിരുന്നു വേദികളായത്. ഇത്തവണ കായികമേള നടത്താൻ രണ്ട് സ്റ്റേഡിയങ്ങളും അനുയോജ്യമല്ലെന്നാണ് വിലയിരുത്തൽ. ഗ്രൗണ്ടിലെ വെള്ളക്കെട്ടും ചെളിയുമാണ് പ്രധാന പ്രശ്നം. അതേസമയം, സിന്തറ്റിക് ട്രാക്കോടെ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയം നിർമ്മിച്ച് കായികതാരങ്ങൾക്ക് തുറന്നുകൊടുത്തത് സ്കൂൾ കായിക മേള നടത്താൻ സൗകര്യവുമായി.

ട്രാക്ക് കുറവെങ്കിലും മികച്ച സൗകര്യം

അഞ്ച് സിന്തറ്റിക്ക് ട്രാക്കുകൾ മാത്രമാണ് കൊടുമൺ സ്റ്റേഡിയത്തിനുള്ളത്. ട്രാക്കുകളുടെ കുറവ് മത്സരത്തിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇത് മത്സരങ്ങളെ ബാധിക്കില്ലെന്ന് അധികൃതർ പറയുന്നു. സംസ്ഥാന സ്‌കൂൾ കായികമേള വിദഗ്ദ്ധസമിതിയുടെ നിർദേശം അംഗീകരിച്ചാകും മത്സരങ്ങൾ ക്രമീകരിക്കുക. ത്രോ ഇനങ്ങൾക്ക് സുരക്ഷയ്ക്കായി പ്രത്യേകം നെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

ജില്ലയിൽ സിന്തറ്റിക് ട്രാക്കുള്ള പബ്ലിക് സ്റ്റേഡിയം കൊടുമണ്ണിൽ മാത്രമാണ്. സുരക്ഷ സംവിധാനങ്ങളും പ്രാഥമിക സൗകര്യങ്ങളുമെല്ലാം ഉണ്ട്. മഴ പെയ്താലും വേഗത്തിൽ വെള്ളം ഒഴുകിപ്പോകാൻ കഴിയുന്ന ഡ്രെയിനേജ് സംവിധാനം സ്റ്റേഡിയത്തിനുണ്ട്. അനുകൂലമായ സാഹചര്യങ്ങളേറെ ഉള്ളതുകൊണ്ടാണ് കൊടുമൺ സ്റ്റേഡിയം ഇതാദ്യമായി ജില്ലാതല കായിക മേളയ്ക്ക് തെരഞ്ഞെടുത്തതെന്ന് സംഘാടകർ പറഞ്ഞു.

വെള്ളക്കെട്ടും കാടുമായി സ്റ്റേഡിയങ്ങൾ

ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് സ്ഥിരമായി വേദിയൊരുക്കിയിരുന്ന പത്തനംതിട്ട, തിരുവല്ല പബ്ലിക് സ്റ്റേഡിയങ്ങൾ ഏറെ ശോച്യാവസ്ഥയിലാണ്. വെള്ളക്കെട്ടാണ് പത്തനംതിട്ട നേരിടുന്ന പ്രധാന വെല്ലുവിളി. മഴ പെയ്താൽ സ്റ്റേഡിയത്തിൽ നിന്ന് വെള്ളം ഒഴുകിപ്പോകാൻ കാലതാമസമെടുക്കും. ഡ്രെയിനേജ് സംവിധാനം അടഞ്ഞു കിടക്കുകയാണ്.
തിരുവല്ല പബ്ലിക് സ്റ്റേഡിയം കാടുകയറി. സംസ്ഥാന സ്‌കൂൾ കായികമേളയ്ക്കുവരെ വേദിയൊരുക്കിയിരുന്ന തിരുവല്ല സ്റ്റേഡിയം ഏതാനും നാളുകളായി തികഞ്ഞ അവഗണനയിലാണ്. നഗരസഭയോ കായികവകുപ്പോ പരിഗണിക്കാറില്ല. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട പദ്ധതികളുമുണ്ടായിട്ടില്ല.

ട്രാക്കിലെ സമയം വിജയികളെ നിർണയിക്കും.

11 ഉപജില്ലകളിലെ 1500 ഓളം താരങ്ങൾ പങ്കെടുക്കും.

സംഘാടക സമിതിയോഗം ഒമ്പതിന് രാവിലെ 11ന്

കൊടുമൺ ഹൈസ്‌കൂളിൽ.