
പന്തളം : മൂന്നുവയസുള്ള മകനൊപ്പം ഫ്‌ളാറ്റിലെ മൂന്നാംനിലയിലെ മുറിയ്ക്കുള്ളിൽ കളികളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന അച്ഛന് ഒരു ഫോൺ വിളി വന്നു. ഉടനെ ഫോണുമായി മുറിക്ക് പുറത്തിറങ്ങി. പിതാവ് ഫോണിൽ സംസാരിക്കവെ, വാതിൽക്കലിരുന്ന മൂന്ന് വയസുകാരന്റെ കൈതട്ടി അബദ്ധത്തിൽ വാതിലടഞ്ഞു പൂട്ടുവീണു. പരിഭ്രാന്തനായ അച്ഛൻ പുറത്തേക്കോടി പന്തളം പൊലീസ് സ്റ്റേഷനിലെത്തി. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് സംഘമെത്തി വാതിൽ പൊളിച്ച് കുട്ടിയെ രക്ഷപെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പന്തളം പൊലീസ് സ്റ്റേഷന് സമീപമുള്ള എഫ് ഫ്ളാറ്റിലായിരുന്നു സംഭവം. മൂന്നാംനിലയിലെ മുറിയിലാണ് തിരുവനന്തപുരം സ്വദേശി വിഷ്ണുവും ഭാര്യ സുധിയും മൂന്നുവയസുള്ള മകൻ വൈഷ്ണവും താമസിക്കുന്നത്. കുളനടയിലെ സ്വകാര്യ ഗാർമന്റ്‌സ് യൂണിറ്റിലെ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലിചെയ്തുവരികയാണ് ഇരുവരും. സുധി ജോലിക്ക് പോയിരുന്നു. ഉച്ചയ്ക്ക് വിഷ്ണുവും വൈഷ്ണവും കളികളിൽ ഏർപ്പെട്ടിരുന്നപ്പോൾ, ഫോൺ വന്നയുടനെ സംസാരിച്ചുകൊണ്ട് വിഷ്ണു പുറത്തിറങ്ങിയ സമയത്താണ് വാതിൽ ലോക്ക് ആയി കുഞ്ഞ് ഉള്ളിൽപ്പെട്ടത്. പരിഭ്രാന്തനായ വിഷ്ണു മകനെ രക്ഷിക്കാൻ പലമാർഗങ്ങളും നോക്കിയെങ്കിലും നടന്നില്ല. അടുത്ത മുറികളിൽ സഹായത്തിന് ആരെയും കണ്ടതുമില്ല. തുടർന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഒാടിയെത്തി. എ.എസ്.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ച് പൊലീസുദ്യോഗസ്ഥർ മൂന്നായി തിരിഞ്ഞ് വടവും ഏണിയുമൊക്കെയായി ജനാലയിൽ കൂടിയും മറ്റും അകത്തുകടക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ വാതിൽ പൊളിച്ച് അകത്തുകടന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഭയന്നു കരഞ്ഞവശനായ വൈഷ്ണവ് അച്ഛനെ കണ്ടപ്പോൾ കരച്ചിലടക്കി. സി.പി.ഓമാരായ അൻവർഷാ, സുശീൽ കുമാർ, കൃഷ്ണദാസ്, ജയപ്രകാശ്, രാജേഷ് എന്നിവർ ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.