
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റും മഴയും. താലൂക്കിൽ മിക്ക സ്ഥലങ്ങളിലും വൻ മരങ്ങൾ കടപുഴകുകയും വ്യാപകമായി കൃഷി നാശം സംഭവിക്കുകയും ചെയ്തു. കോടുകുളഞ്ഞി - വെണ്മണി റോഡിൽ താഴത്തമ്പലത്തിന് സമീപം വൻ മരം അപകടകരമായ രീതിയിൽ റോഡിലേക്ക് ചരിഞ്ഞു. ഈ സമയം റോഡിലൂടെ വാഹനങ്ങൾ കടന്നു പോയെങ്കിലും മരം നിലം പതിക്കാത്തതിനാൽ അപകടം ഒഴിവായി. മരം വീണ് വൈദ്യുതി ബന്ധവും തകരാറിലായി. പൊലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. രാത്രി വൈകി മരം പ്രദേശവാസികളുടെ സഹായത്തോടെ മം മുറിച്ചുമാറ്റി വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. ഇന്നലെ ഉച്ചക്കു ശേഷം ആരംഭിച്ച മഴ രണ്ടര മണിക്കൂറിലധികം ശക്തമായി പെയ്തു. കാറ്റും മഴയും താലൂക്കിലെ വാഴ കർഷകരെയാണ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചത്.