
ഇലവുംതിട്ട : സി.പി.എം കയ്യംതടം എ ബ്രാഞ്ച് സെക്രട്ടറി ബിജുവിന്റെ വീട്ടിൽ നടന്ന പൊലീസ് റെയ്ഡിനെ തുടർന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധം. പൊലീസിന്റേത് അഴിഞ്ഞാട്ടമാണെന്ന് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.സി.രാജഗോപാലൻ ഫേസ് ബുക്കിൽ കുറിച്ചു. ഇക്കഴിഞ്ഞ ഓണക്കാലത്തുണ്ടായ കത്തിക്കുത്തിന്റെ പേരിൽ പൂപ്പൻകാല കോളനിയിലെ ബിജുവിന്റെ വീടുവളഞ്ഞ് പൊലിസ് റെയ്ഡ് നടത്തിയിരുന്നു. പ്രതികളെ ഒളിപ്പിച്ചിരിക്കുന്നുവെന്ന് പറഞ്ഞാണ് പൊലീസ് എത്തിയത്. നല്ലാനിക്കൂന്നിൽ നടന്ന ഒരു കത്തിക്കുത്തു കേസിലെ ഒളിവിലുള്ള പ്രതികൾ എവിടെയെന്ന് ചോദിച്ചുകൊണ്ടാണ് വീട്ടിൽ പരിശോധന നടത്തിയതെന്ന് ബൈജുവിന്റെ ഭാര്യ സ്മിതകുമാരി പറഞ്ഞു.
പൂപ്പകാല കോളനിയിൽ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിൽ സി
പി.എം ഇലവുംതിട്ട ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഇലവുംതിട്ട ജംഗ്ഷനിൽ നടന്ന യോഗം കെ.സി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.വി.സ്റ്റാലിൻ, ലോക്കൽ സെക്രട്ടറി വിനോദ് വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
കത്തിക്കുത്ത് കേസിലെ പ്രതികൾ കോളനിയിൽ ഇല്ലെന്ന് പൊലീസിന് അറിയാമായിരുന്നിട്ടും രണ്ട് മാസത്തിലേറെയായി പ്രദേശത്ത് പൊലീസ് രാജാണെന്ന് സി.പി.എം നേതാക്കൾ പറയുന്നു.