water-fall

കോന്നി : തണ്ണിത്തോട് പഞ്ചായത്തിലെ പൂച്ചക്കുളം വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാദ്ധ്യതകൾ പരിശോധിക്കാൻ നിയോഗിച്ച കൺസൾട്ടൻസിയുടെ നേതൃത്വത്തിൽ ഡ്രോൺ സർവേ നടത്തി. സംസ്ഥാന സർക്കാരിന്റെ 60 ലക്ഷം രൂപയും തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ടെത്തുന്ന 30 ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് അംഗം സുലേഖാ സുനിലിന്റെ നേതൃത്വത്തിലായിരുന്നു ഡ്രോൺ സർവേ.

അടവി കുട്ടവഞ്ചി സാവരികേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികളിൽ പലരും പൂച്ചക്കുളം വെള്ളച്ചാട്ടവും കാണാൻ എത്തുന്നുണ്ട്. സഞ്ചാരികൾക്കായി പ്രകൃതി കല്ലിൽ രചിച്ച കവിതയാണ് പൂച്ചക്കുളം. പാറക്കെട്ടുകളിൽ നിന്ന് ചിന്നിച്ചിതറി തെറിക്കുന്ന ജലകണങ്ങൾ ഏതൊരു സൗന്ദര്യാസ്വാദകന്റെയും മനംകവരും. തുടർച്ചയായി പെയ്‌ത ശക്തമായ മഴ വെള്ളച്ചാട്ടത്തിന് കൂടുതൽ ഭംഗിയും മനോഹാരിതയും നൽകുന്നു. പ്രകൃതി ഒരുക്കുന്ന മനോഹാരിതക്കുമപ്പുറം സാഹസികത ഇഷ്ടപെടുന്നവരാണ് ഇവിടെ എത്തുന്നവരിൽ ഏറെയും. തേനരുവി എന്ന് നാട്ടുകാർ വിളിക്കുന്ന വെള്ളച്ചാട്ടം തണ്ണിത്തോട് പഞ്ചായത്തിലെ കരിമാൻതോടിന് സമീപമാണ്. കരിമാൻ തോട്ടിൽ നിന്ന് രണ്ടര കിലോമീറ്റർ മാറി പൂച്ചക്കുളം പാലത്തിന്‌ സമീപമാണ് അരുവിയിലെ വെള്ളം വന്നു പതിക്കുന്നത്. തേക്കുതോട്ടിൽ എത്തി നാല് കിലോമീറ്റർ സഞ്ചരിക്കണം ഇവിടെ എത്താൻ. താഴെപൂച്ചക്കുളം, എലിമുള്ളുംപ്ലാക്കൽ, മണ്ണീറ മീൻമുട്ടി, മണ്ണീറ വടക്കേക്കര, ഇടക്കണ്ണം, മേടപ്പാറ എസ്റ്റേറ്റ്, ബസ് സ്റ്റാൻഡ്, ടാൻസ്ഫോമർപടി, മീൻമുട്ടി റോഡ് എന്നിവിടങ്ങളിലാണ് തണ്ണിത്തോട് പഞ്ചായത്തിലെ പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ ഉള്ളത്. താഴെപൂച്ചക്കുളത്തെ വെള്ളച്ചാട്ടമാണ് ഇവയിൽ മികവുറ്റത്. 200 അടിയിലേറെ ഉയരത്തിൽ നിന്ന് പാറക്കെട്ടിന്റെ കൈവഴികളിലൂടെയാണ്‌ ജലപാതം വിസ്‌മ‌യമാകുന്നത്.

പ്രകൃതിദത്ത വെള്ളച്ചാട്ടമായ പൂച്ചക്കുളത്തിന്റെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയണം.

പി.ജെ.സുഗതൻ. പ്രദേശവാസി.