1
മല്ലപ്പള്ളി ടൗണിലെ അനധികൃത പാർക്കിങ്ങ് മൂലമുണ്ടായ ഗതാഗതക്കുരുക്ക്

മല്ലപ്പള്ളി : താലൂക്ക് സമിതിയുടെ യോഗ തീരുമാനങ്ങൾ പ്രഹസനമാണെന്ന് ആക്ഷേപം ശക്തമാകുന്നു. മല്ലപ്പള്ളി ടൗണിലെയും വെണ്ണിക്കുളം കവലയിലെയും ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഹോം ഗാർഡിന്റെ സേവനം ലഭ്യമാക്കുന്നതിന് ഫെബ്രുവരി രണ്ടിന് നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവി മുഖേന നടപടി സ്വീകരിക്കുവാൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച അഡ്വ.മാത്യു ടി.തോമസ് എം.എൽ.എയാണ് നിർദ്ദേശിച്ചത്. എന്നാൽ 10 മാസങ്ങൾ പിന്നിട്ടിട്ടും ഹോം ഗാർഡിന്റെയോ, പൊലീസിന്റെയോ സേവനം ലഭ്യമായിട്ടില്ല. മല്ലപ്പള്ളി ടൗൺ, പഞ്ചായത്ത്, മാർക്കറ്റ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും വെണ്ണിക്കുളം കവലയിലും ഹോംഗാർഡിന്റെ സേവനം ലഭ്യമാക്കണമെന്നായിരുന്നു നിർദ്ദേശം.മല്ലപ്പള്ളി ടൗണിലും വെണ്ണിക്കുളം കവലയിലും അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം ഏറെയാണ്. പലപ്പോഴും ഗതാഗത കുരുക്കിന് ഇത് കാരണമാകുന്നു. വീതികുറവായ തിരുവല്ല, ആനിക്കാട് എന്നീ റോഡുകളുടെ ഇരുവശങ്ങളിലും അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്. എവിടെ പാർക്ക് ചെയ്യണം എന്നറിയാതെ കുഴയുന്നവരുമുണ്ട്.

നോ പാർക്കിംഗ് ബോർഡുകൾ ഇല്ല

വെണ്ണിക്കുളത്ത് കവലയോട് ചേർന്നാണ് അനധികൃത പാർക്കിംഗ് ഏറെയും. മൂന്നു വർഷം മുമ്പ് പലയിടങ്ങളിലും നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോഴതില്ല.മല്ലപ്പള്ളി - പുല്ലാട് റോഡ് ഉന്നത നിലവാരത്തിൽ നവീകരിച്ചെങ്കിലും കവലയിൽ നോ പാർക്കിംഗ് ബോർഡുകൾ ഇതുവരെയും സ്ഥാപിച്ചിട്ടില്ല.ബന്ധപ്പെട്ട അധികാരികൾ സ്ഥലം അടയാളപ്പെടുത്തി നൽകിയിട്ടില്ലെന്നതാണ് ബോർഡുകൾ സ്ഥാപിക്കാതിരിക്കുന്നതിന് കാരണമെന്നാണ് അറിയുന്നത്. കോട്ടയം റോഡിൽ ബസ് സ്റ്റോപ്പിലെ അനധികൃത പാർക്കിംഗ് മൂലം ബസുകൾ നിറുത്തി ആളുകളെ ഇറക്കുന്നതിനും കയറ്റുന്നതിനും കഴിയാത്ത സ്ഥിതിയിലാണ്. ബസുകൾ റോഡിൽ നിറുത്തുന്നതിനാൽ ഗതാഗതക്കുരുക്കും പതിവാണ്. മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ പൊലീസ് ഹോംഗാർഡ് സേവനമെന്ന ആശയം ഉയർന്നെങ്കിലും ഇതുവരെയായി നടപ്പായിട്ടില്ല. ബസുകൾ കൂടുതൽ സമയം സ്റ്റാൻഡിൽ പാർക്ക് പാർക്കു ചെയ്യുന്നത് സംബന്ധിച്ച് ജീവനക്കാർ തമ്മിലുള്ള വാക്കുതർക്കവും പതിവാണ്. താലൂക്ക് വികസന സമിതി തീരുമാനങ്ങൾ കടലാസിൽ ഒതുക്കാതെ നടപടി പൂർത്തിയാക്കണമെന്ന ആവശ്യമാണ് ഇതോടെ ശക്തമാകുന്നത്.