പ്രമാടം : നിർമ്മാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തകർന്ന അച്ചൻകോവിലാറ്റിലെ മുട്ടത്തുകടവിന്റെ സംരക്ഷണ ഭിത്തിയും സമീപത്തെ കുളിക്കടവും ബലപ്പെടുത്താൻ നടപടി. പ്രമാടം പഞ്ചായത്തിലെ മുട്ടത്ത് കടവിൽ 19 ലക്ഷം രൂപ ചെവലിൽ നിർമ്മിച്ച സംരക്ഷണ ഭിത്തിയും കുളിക്കടവുമാണ് നിർമ്മാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തകർന്നത്. മേജർ ഇറിഗേഷൻ വകുപ്പിനായിരുന്നു നിർമ്മാണ ചുമതല. അധികൃതയുടെ അനാസ്ഥയും നിർമ്മാണത്തിലെ അപാകതയും ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ടവർ ഉത്തരവാദത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമര രംഗത്തുമുണ്ടായിരുന്നു. കേരള കൗമുദി വാർത്തയുടെ പകർപ്പ് സഹിതം പരാതികൾ സർക്കാർ തലത്തിൽ അയച്ചതോടെയാണ് അടിയന്തര നടപടി ആയത്. നിർമ്മാണ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും വിദഗ്ദ്ധ സംഘം പരിശോധിക്കും. മേജർ ഇറിേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ എസ്റ്റിമേറ്റ് തയാറാക്കി ഉടൻ പണികൾ തുടങ്ങും.

നിർമ്മാണത്തിന്റെ തുടക്കത്തിൽ തന്നെ പരാതി

തുടർച്ചയായുള്ള വെള്ളപ്പൊക്കങ്ങളെ തുടർന്ന് ആറിന്റെ തീരം ഇടിയുന്നത് വ്യാപകമായിരുന്നു.

നാട്ടുകാർ കെ.യു.ജനീഷ് കുമാർ എം.എൽ.എയ്ക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് മേജർ ഇറിഗേഷൻ വകുപ്പ് തുക അനുവദിച്ച് നിർമ്മാണം നടത്തിയത്. അച്ചൻകോവിലാർ മൂന്നുവശവും ചു​റ്റുന്ന പ്രദേശമാണിവിടം. സദാസമയവും ശക്തമായ അടിയൊഴുക്കുമുണ്ട്. അടിത്തറയുടെ ബലക്ഷയമാണ് സംരക്ഷണ ഭിത്തിയുടെ തകർച്ചയ്ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിരുന്നു. ശരിയായി അടിത്തറ നിർമ്മിക്കാതെയാണ് സംരക്ഷണഭിത്തി കെട്ടിയതെന്ന് തുടക്കത്തിൽ തന്നെ പരാതി ഉയർന്നിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. ഇതാണ് പെട്ടന്നുള്ള തകർച്ചക്ക് കാരണമായത്.

-19 ലക്ഷം മുടക്കി നിർമ്മിച്ച സംരക്ഷണ ഭിത്തിയും കുളിക്കടവും