
പത്തനംതിട്ട : മകന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എട്ടുവർഷം നടത്തിയ നിയമയുദ്ധത്തിന് ഫലം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കോഴഞ്ചേരി കുഴിക്കാല മേപ്പുറത്ത് അഡ്വ. എം.എസ് രാധാകൃഷ്ണനും ഭാര്യ ശ്രീദേവിയും.ബംഗളൂരു എം.ജെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ നാലാം വർഷ വിദ്യാർത്ഥിയായിരുന്ന ഏകമകൻ രോഹിത് രാധാകൃഷ്ണന്റെ (21) മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചായിരുന്നു ഇവരുടെ നിയമപോരാട്ടം.രോഹിത്തിനെ 2014ലാണ് പനമ്പൂർ തണ്ണീർ ബാവി ബീച്ചിന് സമീപം തലയും ഉടലും വേർപ്പെട്ട നിലയിൽ കണ്ടെത്തിയത്.ഇടത് തോളിന്റെ താഴ്ഭാഗം അടർന്നു പോയിട്ടുണ്ടായിരുന്നു.വലതു ഭാഗത്ത് കാലിൽ മുറിവും നിലത്തിഴച്ച് വലിച്ചതിന്റെ പാടുകളുമുണ്ടായിരുന്നു.അപകട മരണമാണെന്നായിരുന്നു പൊലീസിന്റെ നിഗമനം
മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് ഗൗനിച്ചില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
ആദ്യവർഷം തന്നെ കോളേജ് അദ്ധ്യാപകൻ കൂടിയായ ഹോസ്റ്റൽ വാർഡൻ രോഹിത്തിനെ മർദ്ദിച്ചവശനാക്കിയിരുന്നു.നില ഗുരുതരമാണെന്ന് രോഹിത്തിന്റെ സുഹൃത്തുക്കളാണ് വിളിച്ചു പറഞ്ഞത്.അവിടെത്തിയപ്പോൾ ശരീരത്തിന് ക്ഷതമേറ്റ നിലയിലായിരുന്നു രോഹിത്തിനെ കണ്ടത്.കോളേജ് അധികൃതരുമായി സംസാരിച്ച്, ഇനി പ്രശ്നമുണ്ടാവില്ലെന്ന ഉറപ്പിലാണ് മടങ്ങിയത്.പരീക്ഷയ്ക്ക് അദ്ധ്യാപകൻ ഇന്റേണൽ മാർക്ക് നൽകിയിരുന്നില്ല.മരണത്തിന് ശേഷം കോളേജ് അധികൃതരോ രോഹിത്തിന്റെ സുഹൃത്തുക്കളോ ബന്ധപ്പെട്ടിട്ടില്ല.അലക്ഷ്യമായി വാഹനമോടിച്ചതിന് മരിച്ച രോഹിത്തിനെതിരെ കേസുമെടുത്തിരുന്നു.കർണാടക പൊലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ കേസ് സി.ഐ.ഡിക്ക് കൈമാറി.രാധാകൃഷ്ണന്റെ ആരോപണങ്ങൾ സി.ഐ.ഡിയും മുഖവിലയ്ക്കെടുത്തില്ല.സുപ്രീകോടതി ജസ്റ്റിസ് എം. ആർ. ഷാ അദ്ധ്യക്ഷനായ ബഞ്ചാണ് അന്വേഷണത്തിൽ അപാകതയുണ്ടെന്ന് വിലയിരുത്തി കേസ് സി.ബി.ഐക്ക് കൈമാറിയത്.ബംഗളൂരു സി.ഐ.ഡി ഒരു ലക്ഷം രൂപ രാധാകൃഷ്ണന് പിഴ നൽകാനും വിധിച്ചിട്ടുണ്ട്.രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ വിവരങ്ങൾ കർണാടക ഹൈക്കോടതിക്ക് നൽകുകയും വേണം.സി.ബി.ഐ അന്വേഷണത്തിൽ മകന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാധാകൃഷ്ണനും ശ്രീദേവിയും.