
റാന്നി : അത്തിക്കയം, തോണിക്കടവ് അറയ്ക്കമൺ, വൻനിരപ്പൻമൂഴി നിവാസികൾ ഭയപ്പാടിലാണ്. കുട്ടികൾ ഉൾപ്പടെ നിരവധി ആളുകൾ കാൽ നടയായും മറ്റും പോകുന്ന വഴികളിലൊക്കെ നായകളുടെ സാന്നിദ്ധ്യമേറെയുണ്ട്. കഴിഞ്ഞ ദിവസം നിരവധി വളർത്തുനായകളെയും വളർത്തുമൃഗങ്ങളെയും കടിച്ച തെരുവുനായ ഇവിടെയുണ്ട്. ഇതേ നായ ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർക്ക് നേരെ കുരച്ചു ചാടിയതായും വിവരമുണ്ട്. കടിയേറ്റ വളർത്തുമൃഗങ്ങൾക്ക് മൃഗാശുപത്രി അധികൃതർ പ്രതിരോധ കുത്തിവയ്പ്പ് നൽകി. ഇന്നലെ രാവിലെ അത്തിക്കയം ബസ് സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവർക്ക് നേരെ നായയുടെ ആക്രമണം ഉണ്ടായെങ്കിലും കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. പേപ്പട്ടിയാണെന്ന പ്രചരണം ഉള്ളതിനാൽ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. നായയെ പിടികൂടി നിരീക്ഷണത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ടു മാസം മുമ്പ് പെരുനാട് തെരുവുനായയുടെ ആക്രമണത്തിൽ പേവിഷബാധയേറ്റ് അഭിരാമി എന്ന വിദ്യാർത്ഥി മരണപ്പെട്ടിരുന്നു.