റാന്നി : കാടും ചെളിയും നിറഞ്ഞു വെള്ളക്കെട്ട് രൂപപ്പെട്ടിരുന്ന അത്തിക്കയം പാലം നാറാണംമൂഴി പഞ്ചായത്ത് ഇടപെട്ട് വൃത്തിയാക്കി. ഒരാൾ പൊക്കത്തിൽ ഉയർന്നു നിന്നിരുന്ന കാടും, കൂടെ ചെളിയും രൂപപ്പെട്ട് അടഞ്ഞിരുന്ന ഓവുകളും കാരണം പാലത്തിൽ നിരന്തരം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതു കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കേരള കൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ ഇടപെടുകയും മുഴുവൻ കാടുകൾ തെളിച്ച് പാലം വൃത്തിയാക്കുകയും ചെയ്തു. എന്നാൽ പാലത്തിലെ തേനീച്ച ഭീഷണിക്ക് പരിഹാരം ആയിട്ടില്ല. കൂടാതെ പാലത്തിലെ വഴി വിളക്കുകളുടെ കാര്യത്തിലും നടപടി ആയിട്ടില്ല.