sabari

പത്തനംതിട്ട : വീണ്ടും ഒരു തീർത്ഥാടനകാലത്തേക്ക് നോമ്പുനോക്കുകയാണ് സന്നിധാനവും പൂങ്കാവനവും ഇടത്താവളങ്ങളും. ശബരിമലയിൽ തിരക്കിട്ട ഒരുക്കങ്ങൾ നടന്നുവരുന്നു. പത്തിന് മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് ദേവസ്വ ബോർഡ്.

നിലയ്ക്കൽ മാത്രം പത്ത് വെർച്ച്വൽ ക്യൂ സ്പോട്ട് കേന്ദ്രങ്ങൾ ഉണ്ടാകും. വടക്കൻ ജില്ലകളിലേക്കും വെർച്വൽ ക്യൂ സ്പോട്ട് കേന്ദ്രങ്ങൾ വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ശബരിമല സുഖദർശനം സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് വർഷത്തിന് ശേഷം പുൽമേട് പാത തുറക്കും

പാതകളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാല അടിസ്ഥാനത്തിൽ നടക്കുകയാണ്. ചാലക്കയം - പമ്പ റോഡ് നിർമ്മാണം പൂർത്തിയായി. ഇത്തവണ പുൽമേട് വഴി തീർത്ഥാടകരെ കടത്തിവിടും. രണ്ട് വർഷത്തിന് ശേഷമാണ് ഇൗ പാത തുറക്കുന്നത്. കരിമല പാതവഴിയും സുഗമമായി യാത്ര ചെയ്യാം. നീലിമലപാതയുടെ പന്ത്രണ്ട് മീറ്റർ കൂടി മാത്രമെ പൂർത്തിയാകാനുള്ളു. പാതയിലെ ബാരിക്കേഡ് നിർമ്മാണം പൂർത്തീകരിച്ചു.

500 ബസുകൾ സർവീസ് നടത്തും

കെ.എസ്.ആർ.ടി.സി ഇത്തവണ 500 ബസുകൾ സ്‌പെഷ്യൽ സർവീസിനായി ഉപയോഗിക്കും. ഇതിൽ 200 ബസുകൾ നിലയ്ക്കൽ - പമ്പ സർവീസിനായി മാത്രം ഉപയോഗിക്കും. 15 യാത്രക്കാർക്കുള്ള വാഹനം പമ്പയിൽ അയ്യപ്പ ഭക്തരെ ഇറക്കിയതിന് ശേഷം തിരികെ നിലയ്ക്കലിൽ പാർക്ക് ചെയ്യാം. ഒരുമിനിട്ട് വ്യത്യാസത്തിൽ നിലക്കലിൽ നിന്ന് ബസ് ഉണ്ടാകും. നാൽപ്പത് പേരെ മാത്രമെ ഒരേസമയം ബസിൽ അനുവദിക്കുകയുള്ളു. ബസിൽ അയ്യപ്പ ഭക്തരെ കുത്തിനിറച്ചുകൊണ്ടുപോകാൻ അനുവദിക്കില്ല. നിലയ്ക്കലിൽ തന്നെയായിരിക്കും സ്ഥിരം പാർക്കിംഗ്.

2445 ടോയ്‌ലറ്റുകൾ

സന്നിധാനത്തും പമ്പയിലുമായി 2445 ടോയ്‌ലറ്റുകളുടെ നിർമ്മാണം പൂർത്തിയായി. പമ്പയിലും പരിസരത്തുമായുള്ള ശുചീകരണം ആരംഭിച്ചു. ഭക്തർ ഉപേക്ഷിച്ച വസ്ത്രങ്ങൾ കരാറുകാരൻ കൊണ്ടുപോകാത്ത സാഹചര്യത്തിൽ ഫോറസ്റ്റ് അനുമതിയോടെ നശിപ്പിക്കും. പമ്പയുടെ തീരത്തുള്ള തടികൾ, മറ്റ് വസ്തുക്കൾ എന്നിവ നീക്കിതുടങ്ങി. ദേവസ്വം ബോർഡ് ജീവനക്കാർ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ ചേർന്നുള്ള പമ്പ ശുചീകരണ യജ്ഞം 11ന് രാവിലെ ഒമ്പതിന് ആരംഭിക്കും.

ക്യൂ ആർ കോഡ് സൗകര്യം വർദ്ധിപ്പിക്കും

നിലവിൽ അരവണ കൗണ്ടറിനടുത്ത് ഒരു സ്ഥലത്ത് മാത്രമാണ് പണം അടയ്ക്കാൻ ക്യൂ ആർ കോഡ് സൗകര്യമുള്ളത്. ഇതിന് കൂടുതൽ ക്രമീകരണം ഒരുക്കും. രണ്ട് കോടിയിലധികം അരവണ ഉൽപാദിപ്പിക്കും. നിലവിൽ രണ്ട് ലക്ഷം ശേഖരത്തിലുണ്ട്. പതിനഞ്ച് ദിവസം കൊണ്ടാണ് രണ്ട് ലക്ഷം അരവണ നിർമ്മിച്ചത്.

ലേല നടപടികൾ പൂർത്തിയായില്ല

ശബരിമലയിലെ കടകളുടെ ലേലനടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. 234 കടകളിൽ 81 കടകൾ മാത്രമേ ഇതുവരെ ലേലത്തിൽ പോയിട്ടുള്ളു. തേങ്ങയുടെ ലേലം ഇപ്പോഴും ആയിട്ടില്ല. കൊവിഡ് കാരണം കഴിഞ്ഞ വർഷം വാടക കുറച്ച് നൽകിയിരുന്നു. ഇത് ദേവസ്വം ബോർഡിന് വലിയ നഷ്ടമുണ്ടാക്കി. ഇത്തവണ നിശ്ചയിച്ച തുകയിൽ ഉറച്ചു നിൽക്കുകയാണ് ദേവസ്വം ബോർഡ്.