 
ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ പാണ്ടനാട് പഞ്ചായത്ത് ഏഴാം വാർഡിൽ മൂന്നു മുന്നണികളും പ്രചാരണ രംഗത്ത് ഒപ്പത്തിനൊപ്പം മുന്നേറുന്നു. പ്രസിഡന്റിന്റെ രാജിയോടെയാണ് പാണ്ടനാട്ടിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബി.ജെ.പി.ക്ക് കനത്ത പ്രഹരം ഏൽപ്പിച്ച് രാജിവച്ചശേഷം ഇടതു പാളയത്തിലെത്തിയ ആശാവി.നായരാണ് സി.പി.എം സ്ഥാനാർത്ഥി. കഴിഞ്ഞ രണ്ടുതവണയും ബി.ജെ.പി സ്ഥാനാർത്ഥിയായാണ് ആശ വിജയിച്ചത്. രണ്ടാം അങ്കത്തിൽ ജനറൽ സീറ്റിൽ നിന്ന് ആശ ഭൂരിപക്ഷം വർദ്ധിപ്പിച്ചാണ് വിജയിച്ചത്.
ജില്ലയിൽ ബി.ജെ.പി ഭരിച്ചിരുന്ന ഏക പഞ്ചായത്തും ആശയുടെ രാജിയോടെ അവർക്ക് നഷ്ടമായി. വാർഡിൽ 436 സ്ത്രീ വോട്ടർമാരും 329 പുരുഷവോട്ടർമാരും ഉൾപ്പടെ 765 വോട്ടർമാരാണ് ഉളളത്. ന്യൂനപക്ഷ വിഭാഗത്തിനും പിന്നാക്ക വിഭാഗത്തിനും തുല്യമായ വോട്ടുകളാണ് . ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാൽ 250ൽ കൂടുതൽ വോട്ടുകൾ നേടുന്നവർ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് മൂന്നു മുന്നണികളും . കഴിഞ്ഞ തവണ ഇടതുപക്ഷത്തുനിന്ന് സി.പി.ഐയുടെ പ്രതിനിധിയാണ് മത്സരിച്ചത്. ബി.ജെ.പിക്ക് 280ഉം, എൽ.ഡി.എഫിന് 191ഉം കോൺഗ്രസിന് 133 ഉം വോട്ടുകളുമാണ് ലഭിച്ചത്. ഇടത് വോട്ടുകൾക്കൊപ്പം വ്യക്തിപരമായ വോട്ടുകൾ കൂടി സമാഹരിച്ചാൽ ആശയ്ക്ക് അനായാസവിജയം ആവർത്തിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപാളയം.
ആശയ്ക്കെതിരെ ബി.ജെ.പി രംഗത്തിറക്കിയത് മനോഹരൻ വി.ജിയെ ആണ്.
വാർഡിൽ ശക്തമായ സ്വാധീനമുളള കോൺഗ്രസ് ഇക്കുറിയും രംഗത്തിറക്കിയത് ജോസ് വല്ല്യാനൂരിനെയാണ്. ബി.ജെ.പിയിലെയും എൽ.ഡി.എഫിലെയും അസംതൃപ്ത വോട്ടകൾക്കൊപ്പം പരമ്പരാഗത കോൺഗ്രസ് വോട്ടുകളും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ഉണ്ടായാൽ അനായാസ വിജയം കൈവരിക്കാമെന്ന കണക്കുകൂട്ടലാണ് അവർ.
കോൺഗ്രസും എൽ.ഡി.എഫും ചേർന്നു ഭരിക്കുന്ന ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി 5, എൽ.ഡി.എഫ് 5, കോൺഗ്രസ് 2 എന്നിങ്ങനെയാണ് കക്ഷിനില.