08-konni-thazham-vo

കോന്നി : ആധുനികരീതിയിൽ നിർമ്മിക്കുന്ന കോന്നി താഴം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ തറക്കല്ലിട്ടു. 44 ലക്ഷം രൂപ ചെലവഴിച്ചാണ് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. 1305 ചതുരശ്ര അടിയിലുള്ള കെട്ടിടത്തിൽ ഫ്രണ്ട് ഓഫീസ്, മീറ്റിംഗ് ഹാൾ, വെയിറ്റിംഗ് ഏരിയ, പബ്ലിക് ടോയ്‌ലറ്റ് എന്നിവയും കെട്ടിടത്തിലേക്ക് ആവശ്യമുള്ള എല്ലാ ഫർണിച്ചറുകളും ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. 9 മാസമാണ് നിർമ്മാണ കാലാവധി. നിർമ്മാണം പൂർത്തിയാകുന്നതോടെ വില്ലേജ് ഓഫീസിന്റെ സ്ഥലപരിമിതി മൂലമുള്ള പ്രയാസങ്ങൾ ഒഴിവാകും. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് നിർമ്മിക്കുന്നത്. കോന്നി ചാങ്കുർ ജംഗ്ഷനിൽ വാടക കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താൽകാലികമായി ക്രമീകരിച്ചിട്ടുണ്ട്. കരാർ കാലാവധിക്കുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എം.എൽ.എയോടൊപ്പം ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുൽ വെട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗം തോമസ് കാലായിൽ, കോന്നി തഹസിൽദാർ എൽ.കുഞ്ഞച്ചൻ, കോന്നി താഴം വില്ലേജ് ഓഫീസർ വിനോദ് തോമസ്, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ജോർജുകുട്ടി, നിർമ്മിതി കേന്ദ്രം അസിസ്റ്റന്റ് എൻജിനീയർ ഷീജ, സി.പി.എം ലോക്കൽ സെക്രട്ടറി വിജയൻ, സി.പി.ഐ ജില്ലാകമ്മിറ്റി അംഗം ദീപകുമാർ എന്നിവർ പങ്കെടുത്തു.