തിരുവല്ല: ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലും കൊമ്പങ്കേരി ബ്ലോക്ക് ഡിവിഷനിലും നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്നലെ സമാപിച്ചു. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും വിവിധ കേന്ദ്രങ്ങളിൽ വാഹനറാലി നടത്തി . പുളിക്കീഴ് ഡിവിഷനിലെ 92 ബൂത്തുകളിൽ വോട്ടെടുപ്പ് നാളെ നടക്കും. നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തുകളിലാണ് വോട്ടെടുപ്പ് . ഇന്ന് നിശബ്ദ പ്രചാരണമാണ്. കാവുംഭാഗം ദേവസ്വംബോർഡ് സ്‌കൂളിൽ നിന്ന് പോളിംഗ് സാമഗ്രികൾ ഇന്ന് ബൂത്തുകളിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. സെക്ട്രൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഇതിനായി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നാളെ രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. കാവുംഭാഗം ദേവസ്വംബോർഡ് സ്‌കൂളിൽ 10ന് രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ഫലം അറിയാനാകും.

അവധി


ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പുളിക്കീഴ് ഡിവിഷൻ പരിധിയിലെയും കൊമ്പൻകേരി ബ്ലോക്ക് ഡിവിഷൻ പരിധിയിലെയും പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും സർക്കാർ ഓഫീസുകൾക്ക് 9നും വോട്ടിംഗ് മെഷീൻ സ്‌ട്രോംഗ് റൂം, വോട്ടെണ്ണൽ എന്നിവ ക്രമീകരിച്ചിരിക്കുന്ന കാവുംഭാഗം ദേവസ്വംബോർഡ് സ്‌കൂളിന് ഇന്ന് മുതൽ 10 വരെയും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് 6 മുതൽ 10ന് വൈകിട്ട് 6 വരെ മദ്യനിരോധനവും ഏർപ്പെടുത്തി.