പത്തനംതിട്ട : സുഹൃത്തിന് വായ്പശരിയാക്കിക്കൊടുക്കാത്തതിന്റെ കാരണം ചോദിച്ചുകൊണ്ട് പഞ്ചായത്ത് അംഗവുമായി വാക്കേറ്റമുണ്ടായത് അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ കൈയേറ്റവും ആക്രമണവും. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കലഞ്ഞൂർ കുടുത്ത അമ്പലത്തിനു സമീപം ഞായറാഴ്ച വൈകിട്ട് 4 മണിക്കാണ് സംഭവം. കലഞ്ഞൂർ പഞ്ചായത്ത് പതിനാറാം വാർഡ് അംഗം രമ സുരേഷിന് നേരേ തട്ടിക്കയറുകയും, പൊലീസിനെ ആക്രമിക്കുകയും ചെയ്ത കലഞ്ഞൂർ സന്തോഷ്‌ ഭവൻ വീട്ടിൽ അർജുൻ(19), കലഞ്ഞൂർ മൂലശ്ശേരിൽ അപ്പു(ആകാശ് -19) എന്നിവരെയാണ് കൂടൽ പൊലീസ് പിടികൂടിയത്. പഞ്ചായത്ത് അംഗം കുടുംബശ്രീ മീറ്റിങ്ങിനു എത്തിയപ്പോഴാണ് യുവാക്കൾ പ്രശ്നമുണ്ടാക്കിയത്. വിവരമറിഞ്ഞെത്തിയ പൊലീസിനോടും ഇവർ തട്ടിക്കയറി. സി പി ഒ രതീഷ് കുമാറിനെ കൈയേറ്റം ചെയ്തു. എ എസ് ഐ ദേവകുമാർ, എസ് സി പി ഒ വിൻസെന്റ് സുനിൽ, സി പി ഒ രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.