പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിൽ ആക്ഷേപം ഉന്നയിച്ച് സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള ഹർജിയിന്മേൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു. ഹർജിക്കാരൻ ആരോപിച്ചിരിക്കുന്ന കാര്യങ്ങളിൻമേലുള്ള വിശദമായ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു. വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മേൽശാന്തി നറുക്കെടുപ്പിൽ തന്നെക്കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആലപ്പുഴ മാവേലിക്കര തട്ടാരമ്പലം സ്വദേശി എൻ. വിഷ്ണു നമ്പൂതിരിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി നറുക്കെടുപ്പ് സ്റ്റേ ചെയ്തിരുന്നില്ല. ഇതോടെ സന്നിധാനത്ത് നറുക്കെടുപ്പ് നടത്തി പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കുകയും ചെയ്തു.